രഹസ്യമൊഴി തെറ്റെങ്കില്‍ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ല; സ്വപ്നയെ ഭീഷണിപ്പെടുത്തുന്നതിന് പിന്നിലെന്ത്? മുഖ്യമന്ത്രിയെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്യണമെന്ന് താമരാക്ഷന്‍

തിരുവനന്തപുരം: സ്വര്‍ണ്ണം-ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല, കുടുംബത്തിനും പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയ്ക്ക് ശേഷം നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല ഈ കേസില്‍    അന്വേഷണം  കാര്യക്ഷമമായി നടത്താത്ത കേന്ദ്ര സര്‍ക്കാരും ഇവിടെ കുറ്റക്കാരായി മാറുന്നുവെന്ന് താമരാക്ഷന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും കുടുംബത്തിനും നേര്‍ക്ക് മൊഴി വന്നതോടെ ഇവരെയും ചോദ്യം ചെയ്യാന്‍ ഇഡി തയ്യാറാകണം. അതിനു ഇഡി തയ്യാറായിട്ടില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയും നഷ്ടമാകും.

സ്വപ്ന സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് മജിസ്രെട്ടിന് മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ്. അത് തെറ്റാണെങ്കില്‍ സ്വപ്നയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അങ്ങിനെയെങ്കില്‍ സത്യാവസ്ഥ തെളിയുമായിരുന്നു.  കേസ് എടുക്കുകയാണെങ്കില്‍ സ്വപ്നയെ ഏഴുവര്‍ഷം  വരെ ശിക്ഷിക്കാനുള്ള വകുപ്പുണ്ട്. മുഖ്യമന്ത്രിയാണെങ്കില്‍ കോടതിയെ സമീപിച്ചിട്ടുമില്ല.

സ്വപ്ന കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങള്‍  വാസ്തവവിരുദ്ധമാണെങ്കില്‍ നിയമനടപടി സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അതിനു പകരം സ്വപ്നയെ ഭീഷണിപ്പെടുത്തുകയും  നിയമവിരുദ്ധമായി വിജിലന്‍സിനെ ഉപയോഗിച്ച്  സരിത്തിനെ തട്ടിക്കൊണ്ടുപോവുകയും  ഫോണ്‍ കൈവശമാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.  സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ  ഉയര്‍ന്ന പ്രതിപക്ഷ  പ്രക്ഷോഭം മുഖ്യമന്ത്രി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ സ്വര്‍ണ്ണ-ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്നതിന്റെ തെളിവാകുന്നു. പ്രശ്നങ്ങള്‍ ഗൗരവതരമായി മാറവേ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും താമരാക്ഷന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here