കെറെയിലുമായി മുന്നോട്ടു പോകുമെന്ന് ആദ്യം പറഞ്ഞു; ഇപ്പോള്‍ പറയുന്നു കേന്ദ്രാനുമതി വേണമെന്ന്; മുഖ്യമന്ത്രിയുടെ പുതിയ വെളിപാട് വല്ലാത്ത തമാശയാണെന്ന് പുതുശ്ശേരി

0
490

തിരുവനന്തപുരം: കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ കെറെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂ എന്ന മുഖ്യമന്ത്രിയുടെ പുതിയ വെളിപാട് വല്ലാത്ത തമാശയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. റെയിൽ പദ്ധതികൾക്ക് റെയിൽവേ ബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതിയാണ് ആവശ്യമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? എന്നിട്ടും ആരെതിർത്താലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചു കൊണ്ടിരുന്നത്.

പദ്ധതി ഉണ്ടാക്കാൻ പോകുന്ന പരിസ്ഥിതിനാശവും കടബാധ്യതയും കുടിയിറക്കുമെല്ലാം വിദഗ്ധരും പ്രതിപക്ഷവും ഇടതുപക്ഷ സഹയാത്രികരും വരെ ചൂണ്ടിക്കാട്ടിയപ്പോഴും അവരെ വികസനവിരുദ്ധരും ദേശദ്രോഹികളായി മുദ്രകുത്തി പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യം പ്രകടിപ്പിക്കാനാണ് മുഖ്യമന്ത്രി മുതിർന്നത്.

പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ കല്ലിടലടക്കം സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിറ്റേന്നും കല്ലിട്ടതു ശരിയാണെന്നും കെറെയിലിനു അതിനു അധികാരമുണ്ടെന്നുമാ ണ് മാനേജിങ് ഡയറക്ടർ വി.അജികുമാർ പ്രതികരിച്ചത്. ഇതിനെല്ലാം വിപരീതമായി ഉള്ള പുതിയ ബോധോദയം തൃക്കാക്കര ഷോക്ക് ട്രീറ്റ്മെന്റിന്റെ അനന്തരഫലമാണോ അതോ മൂന്നുദിവസം തുടർച്ചയായി ജനങ്ങളെ ബന്ദിയാക്കിയും കറുത്ത മാസ്കും വേഷവും അഴിപ്പിച്ചും അധികാരത്തിന്റെ മത്തു പിടിച്ചതുപോലെ പ്രവർത്തിച്ചിട്ട്, ഇപ്പോൾ അതിന് എസ്. പി മാരോട് വിശദീകരണം ചോദിച്ചതു പോലെയുള്ള നാടകമാണോ എന്നേ വ്യക്തമാകേണ്ടതുള്ളൂ എന്നും പുതുശ്ശേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here