കൊല്ലം: ടീനേജ് പ്രണയം യുവാവിന്റെ ജീവനൊടുക്കലിലും പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിനും കാരണമായി. കൊല്ലത്ത് ചവറയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. മകളെ ശല്യം ചെയ്യുന്നുവെന്ന അസിസ്റ്റന്റ് കമാന്റന്റ് ആയ പിതാവിന്റെ പരാതി വന്നതോടെയാണ് ദുരന്തസംഭവങ്ങളുടെ തുടക്കം. പരാതിയിൽ സ്റ്റേഷനിലേക്ക് പോലീസ് വിളിച്ചുവരുത്തിയ കൊല്ലം ചവറ സ്വദേശി അശ്വന്ത് (21) ആണ് തൂങ്ങി മരിച്ചത്. യുവാവിൻ്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ അശ്വന്തിൻ്റെ മൃതദേഹവുമായി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പോലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം ആയിരിക്കും തുടർനടപടി. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തിൽ അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കാര്യം രക്കുകയാണുണ്ടായതെന്നാണ് പോലീസ് ഭാഷ്യം.
പെൺകുട്ടിയുടെ പിതാവ് മുൻപ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അശ്വന്തിന്റെ അമ്മയും സഹോദരനും പറയുന്നു. അന്വേഷണത്തിനെന്ന പേരിൽ മകനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലീസ് മാനസികമായി പീഡിപ്പിച്ചുവെന്നാണ് അശ്വന്തിൻ്റെ വീട്ടുകാര്‍ പറയുന്നത്.
പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ്റെ മകളുമായി യുവാവ് അടുപ്പത്തിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പരാതി. പരാതി സ്വീകരിച്ച പോലീസ് വ്യാഴാഴ്ച ചവറ സ്റ്റേഷനിലേക്ക് അശ്വന്തിനെ വിളിച്ചു വരുത്തുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അശ്വന്തിൻ്റെ പോലീസ് വിട്ടയച്ചു. ഇന്ന് രാവിലെ സ്റ്റേഷനിൽ വീണ്ടും ഹാജരാകണമെന്ന് യുവാവിനെ പോലീസ് അറിയിക്കുകയും ചെയ്തു. അശ്വന്ത് സ്റ്റേഷനിൽ ചെന്ന വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. രാത്രി 10.30ന് സുഹ്യത്തുകൾ അശ്വന്തിനെ വീട്ടിൽ എത്തിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അശ്വന്തിനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അശ്വന്തിനെ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ സുഹത്തായ പെൺകുട്ടി കൈഞരമ്പ് മുറിച്ചു. അശ്വന്തിനെ സ്റ്റേഷനിൽ ചോദ്യം ചെയ്യുന്ന വിവരമറിഞ്ഞാണ് പെൺകുട്ടി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഈ വിവരമറിഞ്ഞതോടെയാണ് അശ്വന്തിനെ പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്.