തിരുവനന്തപുരം: അജ്ഞാത വാഹനം ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ഒരു വീടിന്റെ ഗേറ്റും പാര്‍ക്ക് ചെയ്തിരുന്ന കാറും തകര്‍ത്തു. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. ആരാധനയില്‍ ശ്രീകുമാറിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന വാഗണര്‍ കാറും ഗേറ്റുമാണ് തകര്‍ന്നത്.
വീട്ടുകാര്‍ ശബ്ദം കേട്ട് താഴെ എത്തും മുന്‍പ് കാര്‍ റിവേഴ്സ് എടുത്ത് അതിവേഗം ഓടിച്ച് പോവുകയായിരുന്നു. അതുകൊണ്ട് തന്നെകാര്‍ നമ്പര്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒരു സ്ത്രീ ഓടിച്ചിരുന്ന വെള്ള കാര്‍ ആണ്. ഒരു പുരുഷനും ഒപ്പമുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ദേവസ്വം ബോര്‍ഡിനു സമീപം മില്‍ നടത്തുകയാണ് ശ്രീകുമാര്‍. താന്‍ ആ സമയം വഞ്ചിയൂര്‍ വരെ പോയിരുന്നു. വീട്ടില്‍ നിന്നും ഫോണ്‍ വന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഉടന്‍ തന്നെ മ്യൂസിയം പോലീസില്‍ അറിയിച്ചു. ശ്രീകുമാര്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപമാണ് സംഭവം നടന്നത് എന്നതിനാല്‍ പൊലീസ് കാറിനെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുകയാണ്. സമീപ ക്യാമറകളില്‍ കാറിന്റെ നമ്പര്‍ പതിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ആ റൂട്ടിലെ മറ്റു ക്യാമറകളില്‍ നോക്കി കാര്‍ തിരിച്ചറിയാനാണ് മ്യൂസിയം പോലീസ് ശ്രമിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും കാര്‍ ഉടനെ കണ്ടെത്തുമെന്നും മ്യൂസിയം പോലീസ് അനന്ത ന്യൂസിനോട് പറഞ്ഞു.