ഒരു വർഷം കഴിഞ്ഞതു ശരീരദാഹികളുടെ കൈകളില്‍; രക്ഷിക്കാന്‍ ഓടിയപ്പോള്‍ കട്ടിലിലിലേക്ക് പിടിച്ച് ഇട്ടത് കാലില്‍ പിടിച്ച്; ചര്‍ച്ചയായി വിതുര പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍

കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതിയ്ക്ക് 24 വര്‍ഷം തടവ് വിധിച്ച കോടതി ഉത്തരവ് വന്നതോടെ വിതുര പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. താൻ നേരിട്ട പീഡനപരമ്പര പെണ്‍കുട്ടി കോടതിക്കു മുൻപിൽ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനു മേൽ കുരുക്കു മുറുകിയത്. ഒരു വർഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയിൽ നൽകിയ മൊഴി. ‘അറസ്‌റ്റ് ചെയ്യട്ടെ, ജയിലിൽ അടയ്‌ക്കട്ടെ. എനിക്കാരെയും വിശ്വാസമില്ല..’ സുഗതകുമാരിയോടാണ് പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞത്. . ‘ഇനി എനിക്കു വയ്യ. ഒരു നഷ്‌ടപരിഹാരവും ആരും തരേണ്ട. ആരെയും ശിക്ഷിക്കാൻ എനിക്കു മോഹമില്ല. അവരൊക്കെ സുഖമായിരിക്കട്ടെ. എന്നെ ഇനിയും കോടതിയിലേക്കു വിളിക്കല്ലേ.. കൂട്ടിൽ കയറ്റി നിർത്തി പൊള്ളിക്കുന്ന ചോദ്യങ്ങൾ ചോദിക്കരുതേ.. ഒരു തെളിവും കൊടുക്കാനില്ലെനിക്ക്. മതിയായി….’ എന്നായിരുന്നു അവള്‍ പറഞ്ഞത്.

1995 ഒക്ടോബർ 21 മുതൽ 1996 ജൂലൈ 10 വരെ കൊടുംപീഡനങ്ങളും ശാരീരിക ഉപദ്രവവുമാണു നേരിട്ടത്. ഒന്നാം പ്രതി സുരേഷ് പല സ്ഥലത്തും മുറിയിൽ പൂട്ടിയിട്ടെന്നും പെൺകുട്ടി മൊഴി നൽകി. പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാതെ അലറിക്കരഞ്ഞതായും കോടതിയിൽ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തിൽ, കോടതിയിലേക്ക് ഇനി വരില്ലെന്നു പോലും നിറകണ്ണുകളോടെ പെൺകുട്ടി പറഞ്ഞിരുന്നു. 2009ലായിരുന്നു അത്

കവയിത്രി സുഗതകുമാരിയിലൂടെയാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍ കേരളം അറിഞ്ഞത്. കേസിൽ സാക്ഷിയായതിനാൽ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്‌റ്റ് ചെയ്യുമെന്ന കാര്യമൊന്നും അവൾക്കു പ്രശ്‌നമായിരുന്നില്ല. ‘അറസ്‌റ്റ് ചെയ്യട്ടെ, ജയിലിൽ അടയ്‌ക്കട്ടെ. എനിക്കാരെയും വിശ്വാസമില്ല..’ ഈ ലോകത്തോടു മുഴുവനുള്ള വെറുപ്പും നിരാശയും നിറഞ്ഞ വാക്കുകൾ. ഇനി കേസിനു നിർബന്ധിച്ചാൽ ചത്തുകളയുമെന്ന മുന്നറിയിപ്പും അന്നു സുഗതകുമാരി കേട്ടു.

കഴുകൻ കണ്ണുകളുമായി വാതിൽക്കൽ എല്ലായിപ്പോഴും കാവല്‍. ചിലപ്പോഴൊക്കെ കരഞ്ഞു ബഹളമുണ്ടാക്കും. അപ്പോൾ മുഖമടച്ചാണ് അടി. വയറ്റത്ത് തൊഴിക്കും, കഴുത്തിൽ പിടിച്ചു മുറുക്കി കണ്ണുതള്ളിക്കും. മിണ്ടാതവിടെ കിടന്നില്ലെങ്കിൽ വെട്ടിനുറുക്കുമെന്നു ഭീഷണിപ്പെടുത്തും– അവൾ തുടർന്നു,

‘എങ്കിലും ഞാൻ നിലവിളിക്കും. വരുന്നവരോടെല്ലാം അപേക്ഷിക്കും എന്നെ ഒന്നും ചെയ്യല്ലേ എന്ന്. അപ്പോ അവർ ഗുളിക തരാൻ തുടങ്ങി. മൂന്നുനാലു ഗുളിക പൊടിച്ച് വായിലിട്ട് വെള്ളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും…’– പിന്നെപ്പിന്നെ അവൾ മിണ്ടാതെയായി. നിർവികാരയായി, ശിലപോലെ മരവിച്ചവളായി. ഒരിക്കൽ തന്നെത്തേടിവന്ന പരിചിതമുഖം കണ്ട് അവൾ അലറി വിളിച്ചു കാൽക്കൽ വീണു. ‘എന്നെ രക്ഷിക്കണേ സാറേ, എന്നെ അച്ഛന്റെ അടുക്കൽ വിടണേ, ഞാൻ ചീത്തയല്ല സാറേ എന്നെ രക്ഷിക്കണേ..’’

ആരും രക്ഷിച്ചില്ല. അടച്ചിട്ട മുറിക്കുള്ളിൽ മേശയ്‌ക്കുചുറ്റും അവൾ ഓടിപ്പാഞ്ഞതും കുപ്പികളും ഗ്ലാസുകളുമെല്ലാം വീണുപൊട്ടിയതും അവയിൽ കാൽതെന്നിവീണ് ഇഴഞ്ഞ് കട്ടിലിനടിയിലേക്കു കയറിയ അവളെ കാലിൽ പിടിച്ചുവലിച്ച് വെളിയിലേക്കിട്ടതുമെല്ലാം അവൾ വിവരിക്കുന്നതുകേട്ടാൽ മനസ്സു പൊള്ളിപ്പോകുമെന്നാണ് സുഗതകുമാരി കുറിച്ചത്. കേസിൽ വനിതാ കമ്മിഷൻ ശക്‌തമായി ഇടപെട്ടിരുന്നു. മൊഴിയെടുക്കുന്ന സമയം മുതൽ പെൺകുട്ടിക്കുവേണ്ടി രണ്ടു വനിതാ അഭിഭാഷകരെ മുഴുവൻ സമയം ഏർപ്പാടുചെയ്‌തതും അവളുടെ സുരക്ഷ ഉറപ്പാക്കിയതും കമ്മിഷനായിരുന്നു.

ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മുഹമ്മദ് റഫീഖാണു കേസിൽ അന്വേഷണത്തിനു നേതൃത്വം നൽകിയത്. സിഐമാരായ ആർ. രാജേഷ്കുമാർ, രാജീവ് കുമാർ, ബൈജു പൗലോസ്, എസ്ഐ ബിനുലാൽ, എഎസ്ഐ കെ.എസ്.രാജീവ് തുടങ്ങിയവരാണു പ്രതിയെ ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here