മാന്നാര്‍: യുവതിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതികളിലൊരാൾ അറസ്റ്റിൽ. പൊന്നാനി സ്വദേശി ഫഹദാണ് അറസ്റ്റിലായത്. ഇന്നു രാവിലെ ഇയാളെ മാന്നാറിലെത്തിച്ചു. യുവതിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേർ കസ്റ്റഡിയിലുണ്ട്. ആലപ്പുഴ മാന്നാർ കുരട്ടിക്കാട് സ്വദേശി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ആളാണ് അറസ്റ്റിലായ പൊന്നാനിക്കാരൻ ഫഹദ്. . കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് മൂന്നു പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റും വൈകാതെ രേഖപ്പെടുത്തും. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് പ്രാദേശികമായി സഹായം നൽകിയ മാന്നാർ, തിരുവല്ല സ്വദേശികളായ നാലു പേർ ഇന്നലെ മുതൽ പൊലീസ് കസ്റ്റഡിയിലാണ്. സഹായം നൽകിയ പീറ്റർ എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തങ്ങളാണ് പ്രതികളെന്ന് അവകാശപ്പെട്ട് എറണാകുളം പറവൂർ സ്വദേശികളായ നാലു പേർ മാന്നാർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. യഥാർത്ഥ പ്രതികളുമായുള്ള ബന്ധം എന്താണെന്നറിയാൻ ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ബിന്ദുവിനെ സ്വർണക്കടത്ത് സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്.പിന്നീട് പാലക്കാട് വടക്കഞ്ചേരിയിൽ വച്ച് വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായിൽ നിന്ന് യുവതിയുടെ കൈവശം കൊടുത്തു വിട്ട സ്വർണം കേരളത്തിലെ ഇടപാടുകാർക്ക് ലഭിക്കാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോകാൻ കാരണം. പിടിക്കപ്പെടുമെന്ന് ഭയന്ന് മാലി എയർപോർട്ടിൽ സ്വർണം ഉപേക്ഷിച്ചെന്നാണ് യുവതിയുടെ മൊഴി. മാലി എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസും കസ്റ്റംസും ശ്രമം നടത്തുന്നുണ്ട്.
യുവതിയെ തട്ടിക്കൊണ്ടുപോയതിനുപിന്നിലെ സ്വർണക്കടത്ത് ബന്ധം, സാമ്പത്തിക ഇടപാടുകൾ എന്നിവ കസ്റ്റംസും എൻഫോഴ്സ്മെൻ്റും അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോയ സംഘം നിലത്തിട്ടു വലിച്ചിഴച്ചതിനെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ബിന്ദു നാലു ദിവസമായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ബിന്ദുവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷമാകും കസ്റ്റംസും ഇഡിയും യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്തുക.