തിരുവനന്തപുരം: ശശി തരൂര്‍ എംപി ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമോ? കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്തിന് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തരൂര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ശക്തമാണ്. ഈയിടെ എഎപിയുടെ കേരളഘടകം പിരിച്ചുവിട്ടതും തരൂരിന്റെ വരവും തമ്മില്‍ ബന്ധമുണ്ടെന്ന സംസാരം കേരള രാഷ്ട്രീയത്തില്‍ ശക്തിപ്രാപിക്കുന്നുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ മനസറിയാന്‍ കെപിസിസി നേതൃത്വത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ തരൂര്‍ നടത്തിയ യാത്രയും ഇതിനോട് കൂട്ടിവായിക്കുന്നുണ്ട്.
തരൂര്‍ മുന്നില്‍ നിന്നാല്‍ അത് എഎപിയ്ക്ക് കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റത്തിനു തുടക്കം കുറിക്കാനുള്ള അവസരമായി മാറിയേക്കും. പഞ്ചാബില്‍ അധികാരത്തില്‍ ഏറിയത് മാതൃകയായി എഎപിയ്ക്ക് മുന്നിലുണ്ട്. രണ്ടു മുന്നണികളെയും മടുത്തപ്പോഴാണ് പഞ്ചാബ് ജനത എഎപിയ്ക്ക് അവസരം നല്‍കിയത്. അതുപോലെയുള്ള ഒരു മൂവ്മെന്റാണ് കേരളത്തിലും എഎപിയുടെ സ്വപ്നം. പക്ഷെ നയിക്കാന്‍ തരൂരിനെപ്പോലുള്ള ഒരു നേതാവ് വേണം. ഇതാണ് അവരുടെ ആവശ്യം.
കോണ്‍ഗ്രസില്‍ നിന്നും അവഗണനയുടെ കയത്തില്‍ തുടരുന്ന തരൂരിനും എഎപിയുടെ കാര്യത്തില്‍ താത്പര്യമുണ്ടെന്നാണ് വെളിയില്‍ വരുന്ന വാര്‍ത്തകള്‍. രണ്ടു സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടിയാണ് എഎപി. അരവിന്ദ് കേജരിവാളിന് കേരളത്തില്‍ താത്പര്യമുണ്ട്. കേരളത്തിലേക്ക് എഎപിയുടെ സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനു തരൂരിനെ മുന്നില്‍ നിര്‍ത്താന്‍ കേജരിവാളിനു ആഗ്രഹമുണ്ട്. തരൂരിന്റെ വരവിനു സഹായകരമാംവിധമാണ് എഎപി കേരള ഘടകം ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്.
ഇനിയൊരു ഊഴം കൂടി ലോകസഭയിലേക്ക് മത്സരിക്കാന്‍ തരൂരിന് താത്പര്യം കുറവാണ്. നിയമസഭയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കാനും ഇടയില്ല. രാഹുല്‍ഗാന്ധി നയിച്ച ജോഡോ യാത്രയുടെ സമാപന വേളയില്‍ പ്രമുഖ നേതാക്കള്‍ എല്ലാവരും എത്തിയെങ്കിലും തരൂരിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല.
സംസ്ഥാനങ്ങളിലേക്ക് ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരക പട്ടികയില്‍ നിന്നും തരൂര്‍ ഒഴിവാക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്വം തരൂര്‍ പ്രതീക്ഷിക്കുന്നില്ല. ഈ പോസ്റ്റിലും അവഗണന നേരിട്ടാല്‍ തരൂര്‍ എഎപിയില്‍ എത്തുമെന്നാണ് അരവിന്ദ് കേജരിവാള്‍ അടക്കമുള്ള എഎപി നേതാക്കളുടെ കണക്കുകൂട്ടല്‍.
തരൂര്‍ എഎപിയെ തിരഞ്ഞെടുക്കാനും ഒരുപാട് കാരണങ്ങളുമുണ്ട്. ലോകസഭ ഒഴിവാക്കി നിയമസഭയിലേക്ക് മത്സരിക്കാന്‍ എഎപി വഴി തരൂരിന് കഴിയും. തരൂര്‍ എഎപിയില്‍ എത്തുകയാണെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും സാധ്യതകള്‍ തുറന്നു കിടക്കുന്നുമുണ്ട്. തരൂരിന് ഇപ്പോള്‍ നല്‍കുന്ന പിന്തുണ എന്‍എസ്എസ് തുടരാനും സാധ്യതയുണ്ട്. ലീഗും തരൂരിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. മുസ്ലിം വിഭാഗങ്ങള്‍ക്ക് തരൂര്‍ സ്വീകാര്യനാണ്. ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായും തരൂരിന് അടുപ്പമുണ്ട്.
കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാമൂഴത്തിലാണ്. അടുത്ത തവണയും ഇടതുപക്ഷം തന്നെ എന്ന പ്രചാരണവും ശക്തമാണ്. ഇതില്‍ യുഡിഎഫ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. നിലവില്‍ യുഡിഎഫ് ക്യാമ്പ് ദുര്‍ബലമാണ്. യുഡിഎഫിലെ ശക്തിദുര്‍ഗമായി നിലകൊണ്ടിരുന്ന മാണി കോണ്‍ഗ്രസ് ഇടതുമുന്നണിയിലാണ്. എല്‍ജെഡിയും യുഡിഎഫ് വിട്ടു ഇടത് പാളയത്തിലാണ്. ലീഗും ചാഞ്ചാട്ടത്തിന്റെ മട്ടു കാണിക്കുന്നുണ്ട്.
നിലവിലെ നേതൃത്വത്തിന്റെ കീഴില്‍ അധികാരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമോ എന്ന ആശങ്ക യുഡിഎഫിനുള്ളില്‍ ശക്തമാണ്. ഈസാഹചര്യത്തില്‍ മാറ്റത്തിന്റെ കാറ്റുമായി തരൂരിന്റെ നേതൃത്വത്തില്‍ എഎപി വന്നാല്‍ അത് കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റത്തിന്റെ തുടക്കം കുറിക്കും എന്ന് രാഷ്ട്രീയ നേതാക്കള്‍ കണക്കുകൂട്ടുന്നുണ്ട്.
കോണ്‍ഗ്രസിനെപ്പോലെ ലീഗിനും അധികാരമില്ലാതെ പിടിച്ചുനില്‍ക്കുക പ്രയാസമാണ്. തരൂര്‍ തലപ്പത്തുള്ള എഎപിയോട് ലീഗിന്റെ സമീപനം എന്തായിരിക്കും എന്ന് പ്രവചിക്കാനും സാധ്യമല്ല. നിലവിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തരൂരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗില്‍ ഉള്ളത്. അതുകൊണ്ട് തന്നെ തരൂരിന്റെ നേതൃത്വത്തില്‍ എഎപി വരുകയാണെങ്കില്‍ രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയാന്‍ ഇടയുണ്ട്.
ഇടതു-വലതുമുന്നണികളെ മടുത്ത വോട്ടര്‍മാരില്‍ വലിയൊരു പങ്കിന്റെ വോട്ട് തരൂര്‍ ഉണ്ടെങ്കില്‍ എഎപിയ്ക്ക് ലഭിക്കാനും സാധ്യതയുണ്ട്. കേരള രാഷ്ട്രീയവും മാറ്റങ്ങള്‍ക്ക് കൊതിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ഇതുവരെയില്ലാത്ത പ്രാധാന്യം തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതും.