ചൂട് കനത്തതോടെ എസി വില ഉയരുന്നു; ജനുവരി മുതൽ നടപ്പിലാകുന്നത് രണ്ടാമത്തെ വിലവർദ്ധന

കൊച്ചി: ചൂട് കനത്തതോടെ എയർകണ്ടിഷണറുകളുടെ വില ഉയർത്തി മുൻനിര ബ്രാൻഡുകൾ. ജനുവരി മുതൽ ഇതുവരെ ഇത് രണ്ടാമത്തെ വിലവർദ്ധനയാണ് നടപ്പിലാകുന്നത്. കഴിഞ്ഞവാരം എട്ട് മുതൽ 13 ശതമാനം വരെ വിലവർദ്ധനയാണ് എ.സി വിലയിൽ വിവിധ കമ്പനികൾ പ്രഖ്യാപിച്ചത്.. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം, ഇറക്കുമതിച്ചെലവിലെ വർദ്ധന എന്നീ കാരണങ്ങളാണ് വില കൂട്ടാൻ കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.സ്‌റ്റീൽ, പ്ളാസ്‌റ്റിക്, ചെമ്പ് എന്നിവയുടെ വിലയിൽ 25 ശതമാനം വരെ വർദ്ധനയുണ്ടെന്ന് കമ്പനികൾ പറയുന്നു. ഇറക്കുമതിച്ചുങ്കം കൂടിയതും തിരിച്ചടിയാണ്. ബ്ളൂസ്‌റ്റാർ ജനുവരിയിൽ 5-8 ശതമാനം വില വർദ്ധിപ്പിച്ചിരുന്നു. ഈമാസം 3-5 ശതമാനം വിലവർദ്ധിപ്പിക്കാനും കമ്പനി നിർബന്ധിതരായി. പാനസോണിക് എ.സി വില ആറു മുതൽ എട്ട് ശതമാനം വരെയും റഫ്രിജറേറ്റ‌ർ വില മൂന്നുമുതൽ നാലു ശതമാനം വരെയുമാണ് ഉയർത്തിയത്.

കഴിഞ്ഞ നാലുമാസത്തിനിടെ എ.സി വില്പനയിൽ 25 ശതമാനത്തിലേറെ വളർച്ചയുണ്ടെന്നും പാനസോണിക് വ്യക്തമാക്കുന്നു.എൽജി ഇലക്‌ട്രോണിക്‌സ് അഞ്ച് മുതൽ ഏഴ് ശതമാനം വരെയും വോൾട്ടാസ് മൂന്നു മുതൽ അഞ്ചു ശതമാനം വരെയും വില വർദ്ധിപ്പിച്ചു. ജനുവരിയിൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെ വില ഉയർത്തിയ ഗോദ്‌റെജ് അപ്ലയൻസസ്, സമാന വിലവർദ്ധന ഈമാസവും പ്രഖ്യാപിച്ചു. കടൽ മാർഗമുള്ള ചരക്കുനീക്കച്ചെലവ് നിലവിൽ കൊവിഡിന് മുമ്പത്തേതിന്റെ മൂന്നിരട്ടിയോളം വർദ്ധിച്ചിട്ടുണ്ടെന്ന് എ.സി ബ്രാൻഡുകൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here