അദാനി മൂല്യം കുത്തനെ ഇടിഞ്ഞിട്ടും എല്‍ഐസി നിക്ഷേപിച്ചത് 300 കോടി; പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തിലും എല്‍ഐസി അദാനി കമ്പനിയില്‍ 300 കോടി നിക്ഷേപിച്ചതിനെക്കുറിച്ച് പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് എല്‍ജെഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ് ആവശ്യപ്പെട്ടു. എല്‍ഐസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായുള്ള അന്വേഷണത്തിനു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറാകണമെന്നും ജോര്‍ജ് വര്‍ഗീസ്‌ ആവശ്യപ്പെട്ടു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞു എന്ന് വ്യക്തമായതിനു ശേഷമാണ് എല്‍ഐസി 300 കോടി നിക്ഷേപിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണോ എന്ന് വ്യക്തമാക്കണം. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ എല്‍ഐസി ചെയര്‍മാനെയും ബോര്‍ഡ് അംഗങ്ങളെയും മാറ്റി നിര്‍ത്തണം.

അദാനി പോര്‍ട്സ് കമ്പനിയില്‍ എല്‍ഐസിയ്ക്ക് 9.14 ശതമാനം ഓഹരിയുണ്ട്. ഓഹരിമൂല്യത്തില്‍ വന്ന ഇടിവുകൊണ്ട് 3000 കോടി രൂപയാണ് കഴിഞ്ഞ ദിവസം എല്‍ഐസിയ്ക്ക് നഷ്ടമായത്. അദാനി എന്റര്‍പ്രൈസസ് എന്ന കമ്പനിയില്‍ 4.23 ശതമാനം ഓഹരി എല്‍ഐസിയ്ക്കുണ്ട്. ഓഹരി ഇടിഞ്ഞപ്പോള്‍ 3300 കോടിയുടെ നഷ്ടം എല്‍ഐസിയ്ക്ക് വന്നു. അദാനി ടോട്ടല്‍ ഗ്യാസില്‍ ആറു ശതമാനം ഓഹരിയുണ്ട്. വില ഇടിഞ്ഞപ്പോള്‍ 6300 കോടിയുടെ നഷ്ടം അവിടെയും എല്‍ഐസിയ്ക്ക് വന്നു. അദാനിയുടെ വിവിധ കമ്പനികളിലായി എല്‍ഐസിയ്ക്ക് 72000 കോടിയുടെ നിക്ഷേപമുണ്ട്.

കഴിഞ്ഞ ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ എല്‍ഐസിയുടെ സ്വകാര്യവത്ക്കരണം പ്രഖ്യാപിച്ചിരുന്നു. 39 ലക്ഷം കോടി രൂപ ആസ്തിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ചതിന്‍റെ യഥാര്‍ത്ഥ ലക്‌ഷ്യം ഇപ്പോഴാണ് പുറത്ത് വരുന്നത്. എല്‍ഐസിയുടെ സമ്പാദ്യത്തിലെ മഹാഭൂരിപക്ഷവും സ്വകാര്യകുത്തകകള്‍ക്ക് കൈമാറുന്നതിനു വേണ്ടിയായിരുന്നു ഇത്. നേരത്തെ എല്‍ഐസി ഗവണ്‍മെന്റിന്റെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതികളിലാണ് ഗണ്യമായി മുതല്‍മുടക്കിയിരുന്നത്. ഇപ്പോള്‍ എല്‍ഐസി സ്വകാര്യവത്ക്കരിക്കുമ്പോള്‍ അതിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍ സ്വകാര്യ കുത്തകകളും കടന്നുവരും. എല്‍സിയുടെ ലാഭം അവര്‍ അവരുടെ കമ്പനികളിലേക്ക് ഒഴുക്കും.

ഇന്ത്യയില്‍ ഏറ്റവും സാധാരണക്കാരായ ആളുകളുടെ നിക്ഷേപമാര്‍ഗമായിരുന്നു എല്‍ഐസി. എന്നാല്‍ എല്‍ഐസി സമീപകാലത്തായി സാധാരണക്കാരില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. എല്‍ഐസിയുടെ പല പോളിസികളും സാധാരണക്കാര്‍ക്ക് ആകര്‍ഷകമല്ലാതായിട്ടുണ്ട്. ആകെ നിക്ഷേപിക്കുന്ന പണം പോലും കാലാവധി കഴിഞ്ഞാല്‍ ലഭിക്കാത്ത പോളിസികളുമുണ്ട്. എല്‍ഐസി പോളിസിയ്ക്ക് ജിഎസ്ടിയും ബാധികമാക്കിയിട്ടുണ്ട്. ഒരു പക്ഷെ ലോകത്തില്‍ തന്നെ ഇന്‍ഷൂറന്‍സ് പോളിസി അടയ്ക്കുമ്പോള്‍ അതില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത് ഇന്ത്യയില്‍ മാത്രമായിരിക്കും.

സേവന മേഖലയിലും ഉത്പാദനത്തിലും ഉള്ള ചിലവുകള്‍ക്കാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എല്‍ഐസിയെ സാധാരണക്കാര്‍ കാണുന്നത് ഒരു നിക്ഷേപമായിട്ടാണ്. അതിനും ജിഎസ്ടി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപ്പോള്‍ സാധാരണക്കാരന്റെ താത്പര്യങ്ങളില്‍ നിന്നും അവനെ അകറ്റി എല്‍ഐസിയെ കുത്തകകള്‍ക്ക് വേണ്ടി മാറ്റുന്ന ഒരു നയം മാറ്റമാണ്‌ ഇപ്പോള്‍ കാണുന്നത്. ബാങ്കിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

സ്റേറ്റ് ബാങ്ക് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ അദാനി ഗ്രൂപ്പിനായി 80,000 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഒരു സാധാരണക്കാരന്‍ വിദ്യാഭ്യാസവായ്പ്പക്കായി സ്റ്റേറ്റ് ബാങ്കിലേക്ക് ഓടി ചെല്ലുമ്പോള്‍ അവനെ ആട്ടി വിടുന്ന ബാങ്കുകള്‍ കുത്തകക്കാര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വായ്പ്പകള്‍ നല്‍കിയിരിക്കുന്നത്. ബാങ്കിംഗ് മേഖലയിലെ ഈ നയംമാറ്റവും പ്രത്യേകം പരിശോധിക്കേണ്ടതാണ്. ഏതായാലും എല്ലാം വ്യക്തമായിട്ടും എല്‍ഐസി വീണ്ടും 300 കോടി അദാനിയില്‍ നിക്ഷേപിച്ചതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം വേണം-വര്‍ഗീസ്‌ ജോര്‍ജ് ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here