എം. കെ.ഷെജിൻ
കൊച്ചി: പൂർണ്ണമായും ഉൾക്കടലിൽ ചിത്രീകരിച്ച അടിത്തട്ട് ജൂലൈ ഒന്നിന് തീയേറ്ററിൽ എത്തുന്നു. അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. മത്സ്യത്തൊഴിലാളികളുടെ വീറും വാശിയും എല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ടീസറിനും സോങ്ങിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. കൊന്തയും പൂണൂലും,ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണിത്.
മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ ബാനറിൽ കാനായിൽ ഫിലിംസും ചേർന്നാണ് അടിത്തട്ട് നിർമ്മിക്കുന്നത്. സൂസൻ ജോസഫ്, സിൻട്രീസ എന്നിവരാണ് നിർമ്മാതാക്കൾ. കേരളത്തിലെ ഏറ്റവും വലിയ ഫിഷിങ് ഹാർബർ ആയ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ഇന്ത്യ എന്ന ബോട്ടും, അതിലെ ഏഴ് ജീവനക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ ആകുന്നത്. ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ ശീലിച്ച മത്സ്യബന്ധന തൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവും ആണ് പ്രമേയം.
സണ്ണിവെയിൻ, ഷൈൻ ടോംചാക്കോ, പ്രശാന്ത് അലക്സാണ്ടർ , മുരുകൻ മാർട്ടിൻ , ജോസഫ് യേശുദാസ്, സാബുമോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആടുകളം എന്ന ദേശീയ അംഗീകാരം ലഭിച്ച തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപാലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അത്യാധുനിക ചിത്രീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് വിഷ്വൽ എഫക്ട്സ് സഹായമില്ലാതെ ഉൾക്കടലിൽ പൂർത്തിയാക്കിയ ചിത്രം തികച്ചും വേറിട്ട ഒരു ദൃശ്യാനുഭവമാകും. ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. രചന ഖയസ് മിലൻ. അണ്ടർ വാട്ടർ റിച്ചാർഡ് ആന്റണി. എഡിറ്റിംഗ് നൗഫൽ അബ്ദുല്ല. ഷറഫു എഴുതിയ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത് നെസ്സർ അഹമ്മദ്. സൗണ്ട് മിക്സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.