കാബൂള്‍: താലിബാന്‍ കാബൂള്‍ പിടിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിലെ രഹസ്യഗേറ്റ് വഴി അനവധി ആളുകളെ സിഐരക്ഷപ്പെടുത്തി. കാബൂള്‍ വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തുനിന്നും രണ്ട് കിലോ മീറ്റര്‍ അകലെ ഒരു ഗ്യാസ് സ്‌റ്റേഷനു മുന്നിലായിരുന്നു ഈ രഹസ്യ ഗേറ്റ്.
അഫ്ഗാനില്‍നിന്നു രക്ഷപ്പെടാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ നഗരമാകെ നിറയുകയും താലിബാന്‍ ചെക്ക് പോസ്റ്റുകള്‍ വിമാനത്താവളത്തിലേക്കുള്ള ബസുകള്‍ തടയുകയും ചെയ്തതോടെയാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സിഐഎ ഉപയോഗിച്ചിരുന്ന രഹസ്യപാത ആളുകളെ രക്ഷപ്പെടുത്താനായി ഉപയോഗിച്ചത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ കാര്യം പുറത്ത് വിട്ടത്. അഫ്ഗാനിസ്താനില്‍നിന്നും ആളുകളെ മുഴുവന്‍ കടത്തിക്കഴിഞ്ഞിട്ടും താലിബാന്‍ ഈ രഹസ്യ വാതിലിനെ കുറിച്ച് അറിഞ്ഞിട്ടേയില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അഫ്ഗാന്‍ വിടാന്‍ ആയിരങ്ങള്‍ വിമാനത്താവള ഗേറ്റില്‍ തടിച്ചുകൂടിയ അവസാന ദിവസങ്ങളില്‍ ഈ വാതിലിലൂടെ സി.ഐ.എ നിരവധി പേരെ അതീവരഹസ്യമായി രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഫ്ഗാനിസ്താനില്‍ അമേരിക്കയെ സഹായിച്ചവരെയും എംബസിയിലെ അഫ്ഗാന്‍ ഉദേ്യാഗസ്ഥരെയും അവരുടെ കുടുംബങ്ങളെയുമൊക്കെ പുറത്തുകടത്താനുള്ള ശ്രമങ്ങളുടെ അവസാന രണ്ടു ദിവസങ്ങളിലാണ് വിമാനത്താവളത്തിലെ ഈ രഹസ്യ വാതിലുകള്‍ ഉപയോഗപ്പെടുത്തിയതെന്ന് മുന്‍ സി.ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സി.ഐ.എ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, പ്രദേശിക ചാരന്‍മാര്‍, വി.ഐപികള്‍ തുടങ്ങിയവരെ വിമാനത്താവളത്തില്‍നിന്നും പുറത്തുകടത്താന്‍ നേരത്തെ സി ഐ എ ഉപയോഗിച്ചിരുന്നതാണ് ഈ രഹസ്യവാതില്‍. . ഗ്ലോറി ഗേറ്റ്, ഫ്രീഡം ഗേറ്റ് എന്നീ കോഡ് വാക്കുകളിലാണ് അമേരിക്കന്‍ വൃത്തങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്.
സി.ഐ.എ ഡെല്‍റ്റ ഫോഴ്‌സ് ഏജന്റുമാര്‍ എന്നിവരാണ് അധികമാരും ശ്രദ്ധിക്കാത്ത ഈ വാതില്‍ കൈകാര്യം ചെയ്തിരുന്നത്. സി.ഐ.എ പരിശീലനം കിട്ടിയ പ്രത്യേക അഫ്ഗാന്‍ അര്‍ദ്ധ സൈനിക വിഭാഗമായ സീറോ റ്റു ആണ് ഇതിന് കാവല്‍ നിന്നിരുന്നത്. സീറോ റ്റു അംഗങ്ങളെയും അവസാന ഘട്ടത്തില്‍ അമേരിക്കയിലേക്ക് കടത്തി.
കമ്പി വേലിയും ഹെസ്‌കോ മതിലും കോണ്‍ക്രീറ്റും മതിലും കൊണ്ടാണ് ഈ രഹസ്യ ഗേറ്റ് നിര്‍മിച്ചത്. വാതിലിലൂടെ കാല്‍നടയായോ ബസിലോ കടക്കുന്നവര്‍ അനേക ദൂരം ഒരു കോണ്‍ക്രീറ്റ് പാതയിലൂടെ സഞ്ചരിച്ച ശേഷം വിമാനത്താവളത്തിന്റെ ഭാഗമായ ക്യാമ്പ് അല്‍വറാഡോ എന്ന അമേരിക്കന്‍ താവളത്തിലേക്കുള്ള പാലത്തിലേക്ക് എത്തും. ഇതുവഴിയാണ് ആളുകളെ അമേരിക്കയിലേക്ക് കടത്തിയത്.
അവസാന ഘട്ടത്തില്‍ രണ്ടാമതൊരു രഹസ്യ വാതില്‍ കൂടി സി ഐ എ തുറന്നതായി റിപ്പോര്‍ട്ട് വര്യക്തമാക്കുന്നു. എന്നാല്‍, സി.ഐ.എ വൃത്തങ്ങള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചില്ല.
താലിബാന്‍ അധികാരമേറ്റതിനു പിന്നാലെ, അമേരിക്കയിലേക്ക് കടക്കാന്‍ അനുമതി ലഭിച്ച യു എസ് എംബസി ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും കാബൂള്‍ നഗരത്തിലെ ചില രഹസ്യ സ്ഥലങ്ങളില്‍ നില്‍ക്കാനായിരുന്നു സി.ഐ എ നിര്‍ദേശിച്ചിരുന്നത്. ഇവിടെനിന്നും പ്രത്യേക ബസുകളില്‍ ഇവരെ കൊണ്ടു വിമാനത്താവളത്തിലേക്ക് എത്തിക്കുകയായിരുന്നു പദ്ധതി. എന്നാല്‍, പലയിടത്തും പ്രശ്‌നങ്ങളായി. ഈ സമയത്താണ്, സി.ഐ.എ തങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗിച്ചിരുന്ന രഹസ്യ വാതില്‍ ഉപയോഗിച്ചത്.