മുംബൈ: കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ബോളീവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയില്‍. ആര്യന്‍ ഖാനുള്‍പ്പെടേ എട്ടുപേരെയാണ് എന്‍.സി.ബി ചോദ്യം ചെയ്യുന്നത്. ആര്യന്‍ ഖാന്‍റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്‍റാണ് കേസിലെ മുഖ്യ കണ്ണിയെന്നാണ് എന്‍.സി.ബിയുടെ നിഗമനം.
ലഹരിമരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്ത ആര്യൻ ഖാനുള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. എട്ടുപേരെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. എന്‍.സി.ബി ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടേയുള്ള നിരോധിത ലഹരി മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. .
കൊച്ചിയില്‍ കഴിഞ്ഞയാഴ്ചയെത്തിയ കൊര്‍ഡീലിയ ആഡംബര കപ്പലിലാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ മൂംബൈ യൂണിറ്റ് പരിശോധന നടത്തിയത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട കപ്പിലില്‍ പുലര്‍ച്ചെ നാല് മണിയോടെ നടത്തിയ പരിശോധനയില്‍ കൊക്കെയ്ന്‍, ഹഷീഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. ഷാറൂഖാന്‍റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടേ പതിമൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കസ്റ്റഡിയലെടുത്തവരുടെ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിക്കുന്നുണ്ട്. രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണമാണ് റെയ്ഡിയിലേക്കെത്തിയതെന്നു എന്‍സിബി വ്യക്തമാക്കി. കപ്പലില്‍ റേവ് പാര്‍ട്ടി സംഘടപ്പിച്ചവര്‍ക്ക് ലഹരി മരുന്നുപയോഗത്തെക്കുറിച്ച് അറിവുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി പാര്‍ട്ടി സംഘാടകരെ ചോദ്യം ചെയ്യും.