ബെയ്ജിങ്: കിഴക്കൻ ലഡാക്കിലെ ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്കുണ്ടായ ആൾനാശത്തെപ്പറ്റി എഴുതിയ പ്രമുഖ ബ്ലോഗർ ക്വി സിമിങ്ങിന് കോടതി 8 മാസം തടവുശിക്ഷ വിധിച്ചു. രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. 25 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബ്ലോഗറാണു 38 വയസ്സുകാരനായ സിമിങ്.
ഗൽവാനിലെ ഏറ്റുമുട്ടലിൽ 4 സൈനികർ കൊല്ലപ്പെടുകയും ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തെന്ന് ചൈന സമ്മതിച്ചിരുന്നു. ഇതിലേറെ പേർ കൊല്ലപ്പെട്ടിരിക്കാമെന്ന് സിമിങ് എഴുതി. അവിടെ 45 ചൈനീസ് സൈനികർ മരിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തിരുന്നു.
പോർട്ടലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ക്വി സിമിങ് 10 ദിവസത്തിനകം മാപ്പു ചോദിക്കണമെന്നും നാൻജിങ് കോടതി ഉത്തരവിട്ടു. വിചാരണയ്ക്കിടെ സിമിങ് കുറ്റസമ്മതം നടത്തുകയും തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തതിനാലാണു ലഘുവായ ശിക്ഷ വിധിക്കുന്നതെന്നു കോടതി പറഞ്ഞു. മാർച്ച് ഒന്നിന് സിമിങ് ടിവിയിലൂടെ മാപ്പുചോദിച്ചെന്നു ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.