കൊച്ചി: സോളര്‍ ലൈംഗിക പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പരാതിക്കാരി ക്ലിഫ് ഹൗസിലെത്തിയെന്നതിനും തെളിവില്ല, സാക്ഷിമൊഴിയുമില്ല. ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ കോള്‍ രേഖകള്‍ ലഭിക്കില്ലെന്നും ക്രൈംബ്രാഞ്ച് കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി . 2012 ഓഗസറ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം.
2018 ലാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണം രണ്ടരവര്‍ഷം പിന്നിട്ടപ്പോള്‍ സര്‍ക്കാര്‍ കേസ് സി.ബി.ഐയ്ക്ക് വിടുകയായിരുന്നു. ഇതിനിടയിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി ടി കെ ജോസ് കേന്ദ്രസര്‍ക്കാരിന് അയച്ച കേസിന്റ തല്‍സ്ഥിതി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ചിന്റ കണ്ടെത്തല്‍ തന്നെയാണ് റിപ്പോര്‍ട്ടിലേയും ഉള്ളടക്കം.
പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ തെളിവില്ല. ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ ടെലിഫോണ്‍രേഖകള്‍ ശേഖരിക്കാനാകില്ല, മാത്രമല്ല പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.