തിയേറ്ററുകള്‍ തുറന്നിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല; പ്രവേശനം പകുതി സീറ്റില്‍ മാത്രം; വരുമാനവും ചുരുങ്ങി; സെക്കന്‍ഡ് ഷോ വേണം എന്ന ആവശ്യത്തില്‍ തിയേറ്റര്‍ ഉടമകള്‍

കൊച്ചി: കോവിഡ്‌ കാരണം സെക്കന്‍ഡ് ഷോ ഇല്ലാതെയാക്കിയത് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. തിയറ്ററുകൾ തുറന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കാര്യമായ വരുമാനമില്ലാതെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണു ചലച്ചിത്ര വ്യവസായം. കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രമാണ്. അതില്‍ സെക്കന്‍ഡ് ഷോ ഉള്‍പ്പെടുന്നില്ല. രാത്രി 9 ന് ആരംഭിക്കുന്ന സെക്കൻഡ് ഷോയാണു തിയറ്ററുകളുടെ പ്രധാന വരുമാനം ഏതു ഫ്ലോപ് ചിത്രമാണെങ്കിലും സെക്കൻഡ് ഷോയ്ക്ക് അത്യാവശ്യം ആളു കയറുമെന്നു തിയറ്റർ ഉടമകളുടെ സാക്ഷ്യപ്പെടുത്തല്‍. ഇപ്പോള്‍ വരുന്ന പ്രവേശനമാകട്ടെ, പകുതി സീറ്റിൽ മാത്രം. വരുമാനം തീർത്തും ചുരുങ്ങി. സെക്കൻഡ് ഷോ അനുവദിക്കാതെ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിട്ടു കാര്യമില്ലെന്ന നിലപാടിലാണു ചലച്ചിത്ര സംഘടനകൾ.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയെങ്കിലും നഷ്ട സാധ്യത ഭയന്നു റിലീസ് വൈകിപ്പിക്കുന്നതു മുപ്പതോളം ചിത്രങ്ങളാണ് . മരവിക്കുന്നത് ഏകദേശം 500 കോടി രൂപയുടെ രൂപയുടെ നിക്ഷേപം. 80 കോടിയിലേറെ ചെലവിട്ട ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, 25 കോടി ചെലവിട്ടു നിർമിച്ച ‘മാലിക്’ തുടങ്ങി വൻ ബജറ്റ് ചിത്രങ്ങൾ ഒരു വർഷമായി കാത്തിരിക്കുകയാണ്. അതുപോലെ എത്രയോ ചിത്രങ്ങൾ. വമ്പൻ മുടക്കുമുതലുള്ള ചിത്രങ്ങൾ പ്രതികൂല സാഹചര്യങ്ങളിൽ റിലീസ് ചെയ്യുക എളുപ്പമല്ല. ഈ സാഹചര്യത്തിൽ, മാർച്ച് 4 നു പ്രഖ്യാപിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റ്’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ റിലീസ് നടക്കുമോയെന്ന് ഉറപ്പില്ല. സർക്കാർ അനുകൂല നിലപാടു സ്വീകരിച്ചില്ലെങ്കിൽ, കോവിഡ് പ്രതിസന്ധി മൂലം 10 മാസമായി അനുഭവിക്കുന്ന ദുരിതം തുടരുമെന്ന ഭീതിയിലാണു ചലച്ചിത്ര വ്യവസായം.

കോവിഡ് ലോക്ഡൗൺ മൂലം 10 മാസം പൂർണമായി അടച്ചിടേണ്ടി വന്ന അപൂർവം മേഖലകളിലൊന്നാണു തിയറ്ററുകൾ. എന്നാൽ, അതു തിയറ്ററുകളുടെ മാത്രം പ്രതിസന്ധിയല്ല, നിർമാതാക്കളുടെയും വിതരണക്കാരുടെയും സിനിമയെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിനാളുകളുടെയും പ്രതിസന്ധിയാണ്. സെക്കൻഡ് ഷോ അനുവദിക്കണമെന്നും വിനോദ നികുതി ഇളവു മാർച്ച് 31 നു ശേഷവും തുടരാൻ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചു കേരള ഫിലിം ചേംബർ മുഖ്യമന്ത്രിയ്ക്കു നിവേദനം നൽകിയിട്ടുണ്ട്.

ബാറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ രാത്രി വൈകിയും പ്രവർത്തിക്കുമ്പോൾ തിയറ്ററുകൾ മാത്രം രാത്രി 9 നു പ്രവർത്തനം അവസാനിപ്പിക്കണമെന്ന സർക്കാർ നിബന്ധന പിൻവലിച്ചില്ലെങ്കിൽ സാമ്പത്തിക തകർച്ച തുടരുമെന്ന ഭീതിയിലാണു ചലച്ചിത്ര വ്യവസായം. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചു തിയറ്ററുകൾ തുറന്നതു ജനുവരി 13 നാണ്. 50 % സീറ്റുകളിൽ മാത്രമാണു പ്രവേശനം. ഇതു മൂലമുണ്ടാകുന്ന വരുമാന നഷ്ടം ഒരു പരിധി വരെയെങ്കിലും നികത്തണമെങ്കിൽ സെക്കൻഡ് ഷോ അനിവാര്യം. തിയറ്ററുകളുടെ പ്രതിദിന വരുമാനത്തിന്റെ 60 % ലഭിച്ചിരുന്നതു സെക്കൻ ഷോയിൽ നിന്നാണ്. നൂൺ ഷോ, മാറ്റിനി, ഫസ്റ്റ് ഷോ എന്നിവ ചേർന്നു 40 %. സെക്കൻഡ് ഷോ അനുവദിച്ചാൽ പിടിച്ചു നിൽക്കാമെന്നാണു ചലച്ചിത്ര മേഖലയുടെ പ്രതീക്ഷ.

തിയറ്ററുകളെല്ലാം കർശനമായി കോവിഡ് മാനദണ്ഡമനുസരിച്ചാണു പ്രവർത്തിക്കുന്നതെന്നു ഫെഡറേഷൻ ഒാഫ് എക്സിബിറ്റേഴ്സ് അസോസിയേഷൻ കേരള (ഫിയോക്) വ്യക്തമാക്കുന്നു. മാസ്കില്ലാതെ ആരെയും തിയറ്റർ വളപ്പിൽ പോലും കയറ്റില്ല. ശരീര താപനില പരിശോധനയും സാനിറ്റൈസർ ഉപയോഗവുമൊക്കെ നിർബന്ധമാണ്. മറ്റു പല സംസ്ഥാനങ്ങളിലും തിയറ്ററുകളിൽ സെക്കൻഡ് ഷോ ഉൾപ്പെടെയുണ്ട്. പക്ഷെ കേരളത്തില്‍ അനുവദിച്ചിട്ടില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here