തിരുവനന്തപുരം: വിദേശത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനം ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. നേരത്തേ കേരളത്തിൽ ആർടിപിസിആർ ടെസ്റ്റുകളുടെ നിരക്ക് കുറച്ച് മൊബൈൽ ലാബുകൾ സെറ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
ജനിതകമാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാൻ വരുന്നവർക്കെല്ലാം ഉടനടി പരിശോധന നിർബന്ധമാക്കും. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും, കൊവിഡ് വ്യാപനം കേരളത്തിൽ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു. കൊവിഡ് കുത്തനെ കൂടുന്നത് തടയാൻ ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടി പിസിആര്‍ പരിശോധന ലാബുകൾ നാളെ പ്രവര്‍ത്തനം തുടങ്ങുകയാണ്. പരിശോധനക്ക് 448 രൂപ മാത്രമാണ് ചാര്‍ജ്. 24 മണിക്കൂറിനകം പരിശോധന ഫലം നല്‍കാത്ത ലബോറട്ടികളുടെ ലൈസൻസ് റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉയർന്ന നിരക്കാണ് ഇതുവരെ ആർടിപിസിആർ പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ ഈടാക്കിയിരുന്നത്.
ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്പോൾ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമാണ്. സാൻഡോർ മെഡിക്കല്‍സ് എന്ന കമ്പനിക്കാണ് മൊബൈൽ ലാബുകൾ തുറക്കാൻ ടെന്‍ഡര്‍ കിട്ടിയത്. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറിൽ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉൾപ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകൾ തുടങ്ങാനും ആലോചനയുണ്ട്.
തിരുവനന്തപുരത്തെ ആദ്യ മൊബൈല്‍ ലാബ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. മറ്റ് ജില്ലകളിൽ മാര്‍ച്ച് പകുതിയോടെയും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ മേഖലയില്‍ നടത്താനാകാത്ത വിധം സാംപിളുകളെത്തിയാൽ അതിന് പുറം കരാര്‍ കൊടുക്കാനും ഉത്തരവുണ്ട്. സ്വകാര്യ ലാബുകളില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന ഫലം കിട്ടാൻ രണ്ട് ദിവസം വരെ കാലതാമസം നേരിടുന്നുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. 24 മണിക്കൂറിനുള്ളിൽ ഫലം നല്‍കിയില്ലെങ്കില്‍ ലൈസൻസ് റദ്ദാക്കാനാണ് നിര്‍ദേശം. പരിശോധനാ ഫലത്തില്‍ വീഴ്ച കണ്ടെത്തിയാലും ലാബുകളുടെ ലൈസൻസ് റദ്ദാക്കും.