തിരുവനന്തപുരം: കേരളം ടെററിസ്റ്റ് സംസ്ഥാനമാകാനുള്ള സാധ്യതകള്‍ അധികരിച്ചിരിക്കുകയാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. സിപിഎം കളിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതില്‍ നിര്‍ണ്ണായകമാകുന്നത്. എസ്ഡിപിഐ തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ സിപിഎമ്മിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ സിപിഎം കണ്‍ട്രോള്‍ മുസ്ലിം തീവ്രവാദികളുടെ കയ്യില്‍ അമരാനുള്ള സാധ്യതകള്‍ കേരളത്തെ തുറിച്ച് നോക്കുന്നുണ്ട്. പിന്നോക്ക സമുദായത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മാറ്റത്തിനുള്ള ശ്രമമാണ് ജെഎസ്എസ് നടത്തുന്നത്-താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
ലീഗിനെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കുന്നതിനു അപ്പുറം മുസ്ലിം സമുദായത്തെ സിപിഎമ്മിലേക്ക് കൊണ്ടുവരാനാണ് സിപിഎം ശ്രമിക്കുന്നത്. 2006 സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടത്തിയത് തന്നെ ഈ ലക്‌ഷ്യം വെച്ചാണ്.
ബിജെപിയെ പൊതുവില്‍ എതിര്‍ക്കുന്ന സമീപനമാണ് സിപിഎമ്മിന്റെത് എങ്കിലും അവര്‍ ബിജെപിയുമായി രഹസ്യധാരണ പുലര്‍ത്തുകയാണ്. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിനും ബിജെപിയ്ക്കും അറിയാവുന്നതാണ്. 46 ശതമാനത്തോളം കേരളത്തില്‍ ന്യൂനപക്ഷമാണ്. ഇതെല്ലാം ബിജെപിയ്ക്ക് മുന്‍പാകെയുണ്ട്.
കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. ഇത് മനസിലാക്കിയാണ് സിപിഎം കേന്ദ്ര ബിജെപിയുമായി അടുക്കുന്നത്. 2017 മുതല്‍ ലാവ്‌ലിന്‍ കേസ് സിബിഐ സുപ്രീംകോടതിയില്‍ നിന്നും മാറ്റിവയ്ക്കുകയാണ്. വിധി വന്നെങ്കില്‍ പിണറായി വിജയന് മുഖ്യമന്ത്രി പദവി രാജി വയ്ക്കേണ്ടി വരുമായിരുന്നു. ഈ കേസില്‍ ബിജെപി കേന്ദ്ര നേതൃത്വം പിണറായിയെ തുണയ്ക്കുകയാണ്.
ലാവ്ലിനൊപ്പം ഡോളര്‍ കടത്ത്, സ്വര്‍ണ്ണക്കടത്ത് കേസ് ഒക്കെ എവിടെപ്പോയി? എല്ലാം രഹസ്യ ധാരണകളില്‍ അലിഞ്ഞു അലിഞ്ഞു ഇല്ലാതായ മട്ടാണ്. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സിപിഎം മൂന്നാം മുന്നണിയ്ക്ക് ശ്രമിക്കുന്നത് തന്നെ ബിജെപിയുമായുള്ള രഹസ്യധാരണയുടെ പേരിലാണ്. യെച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂല നിലപാട് തള്ളിക്കളഞ്ഞാണ് ഈ രഹസ്യധാരണ കേരള ഘടകം ഉണ്ടാക്കിയെടുത്തത്-താമരാക്ഷന്‍ പറയുന്നു.