തിരുവനന്തപുരം: മത്സ്യഫെഡ് നടപ്പിലാക്കി വരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷിക്കാം. 10 ലക്ഷം രൂപയാണ് ആനുകൂല്യം. ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 499 രൂപ പ്രീമിയമായി അടുത്തുള്ള മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൽ അടച്ച് അംഗമാകാം. അപകടമരണത്തിനും അപകടംമൂലം പൂർണ്ണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അപകടത്തിൽ ഭാഗികമായ അംഗവൈകല്യം സംഭവിച്ച് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്യുന്നവർക്ക് അംഗവൈകല്യ ശതമാനം അനുസരിച്ച് പരമാവധി 10 ലക്ഷം രൂപ വരെയും അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ യഥാർത്ഥ ആശുപത്രി ചെലവായി പരമാവധി ഒരു ലക്ഷം രൂപ വരെ ചികിത്സാ ചിലവിനത്തിലും ലഭിക്കും. അപകടത്തിൽ ഭാഗികമായി അംഗവൈകല്യമുണ്ടായാൽ അംഗവൈകല്യ ശതമാനം അനുസരിച്ചുള്ള തുക ലഭിക്കും. അപകട മരണം സംഭവിക്കുകയാണെങ്കിൽ മൃതദേഹം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിക്കുന്നതിന് ആംബുലൻസ് ചാർജ്ജായി 5,000 രൂപ വരെയും മരണാനന്തര ചെലവുകൾക്കായി 5,000 രൂപയും ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയ്ക്ക് 25 വയസ്സിന് താഴെ പ്രായമുള്ള മക്കൾ ഉണ്ടെങ്കിൽ പഠന ചെലവിനായി 1,00,000 രൂപ വരെ കുടുംബത്തിന് ധനസഹായമായി ഒറ്റത്തവണ നൽകും. മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർക്കും സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങൾക്കും സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടില്ലാത്തവർക്ക് താൽക്കാലിക അംഗത്വമെടുത്തും പദ്ധതിയിൽ ചേരാം. 18 നും 70നും മദ്ധ്യേ പ്രായമുള്ളവർക്ക് ചേരാനാകും. മാർച്ച് 24നകം നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ ഓഫീസ്: 9526041182, 9995460767, ക്ലസ്റ്റർ ഓഫീസുകൾ: 7593855379, 9526041280, 8281528112.