തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്‍കിയ രഹസ്യമൊഴിയാണ് പുറത്ത് വന്നത്. ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചുവെങ്കിലും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വപ്ന പറയുന്നത് തെറ്റാണെങ്കില്‍ സ്വപ്നയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്നു ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ രഹസ്യമൊഴിയായി സ്വപ്ന വെളിപ്പെടുത്തിയിരിക്കെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണമെന്നും ആവശ്യമെങ്കില്‍ നുണ പരിശോധന നടത്തുകയും ചെയ്യണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി തുടരുകയാണെന്നും കേന്ദ്ര ഏജന്‍സികള്‍ മെല്ലെപ്പോക്ക് നടത്തുന്നത് ഇതിനാലാണെന്നും താമരാക്ഷന്‍ പറഞ്ഞു.