റിയോ ഡി ജനീറോ: കോവിഡിനു മുന്നിൽ വിറങ്ങലിച്ച് ബ്രസീൽ. 24 മണിക്കൂറിനിടെ 4195 മരണമാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ബ്രസീല്‍. 3,37,364 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ആദ്യമായാണ് ഇവിടെ ഒരുദിനം ഇത്രയധികം മരണങ്ങളുണ്ടാവുന്നത്.
ദിനംപ്രതി 4000ത്തിലധികം മരണങ്ങളുണ്ടായാൽ മരണസംഖ്യയിൽ ബ്രസീൽ അമേരിക്കയെ കടത്തിവെട്ടും. അമേരിക്കയേക്കാൾ ജനസംഖ്യ ബ്രസീൽ കുറവാണ്. മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡിെൻറ പ്രത്യേക തരം വകഭേദമാണ് ബ്രസീലിൽ കണ്ടെത്തിയത്. ജനുവരിയിൽ അമേരിക്കയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിനേക്കാൾ ഗുരുതരമാണിത്. ആരോഗ്യമേഖലയിൽ വികസനം അപര്യാപ്തമായ ബ്രസീലിൽ നിലവിൽ സർക്കാർ-സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. വാക്സിനേഷൻ വിതരണം രാജ്യത്ത് ഫലപ്രദമല്ല. മാസ്ക് ധരിക്കലും സാമൂഹിക അകലം ഉറപ്പിക്കലും മാത്രമാണ് ഈ മഹാമാരിക്ക് പരിഹാരമെന്നും ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നുമാണ് ബ്രസീല്‍ നിലപാട്..
13 മില്യൺ കോവിഡ് രോഗികൾ രാജ്യത്തുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ കണക്ക്. മാർച്ചിൽ മാത്രം 66,570 പേർ മരിച്ചെന്നും കണക്കുകൾ പറയുന്നു. ബ്രസീലിൽ കാണപ്പെട്ട കോവിഡ് വകഭേദം നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിയിലെ ഒരു മനുഷ്യനും സുരക്ഷിതരായിരിക്കില്ലെന്ന് ബ്രസീലിലെ കോവിഡ് മാറ്റം നിരീക്ഷിക്കുന്ന ഡോ. മിഗ്വൽ നികോളലെയ്സ് ബി.ബി.സിയോട് പറഞ്ഞു. 92ഓളം കോവിഡ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ പി1 എന്ന വൈറസാണ് ഏറ്റവും അപകടകാരി.