വാസ്‌കോ: ശക്തരായ ഗോവ എഫ്.സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പത്തുപേരായി ചുരുങ്ങിയിട്ടും ആത്മവിശ്വാസത്തോടെയും ഒത്തിണക്കത്തോടെയും കളിച്ച ഈസ്റ്റ് ബംഗാള്‍ വിജയത്തിന് തുല്യമായ സമനിലയാണ് നേടിയെടുത്തത്.
ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എനോബഖാരെയും ഗോവയ്ക്കായി ദേവേന്ദ്ര മുര്‍ഗാവോന്‍കറും ഗോള്‍ നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൈറ്റാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഈ സമനിലയോടെ ഗോവ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഒന്‍പതാം സ്ഥാനത്തേക്കും ഉയര്‍ന്നു. മത്സരത്തിലെ ആദ്യ അവസരം നേടിയെടുത്തത് ഗോവയാണ്. നാലാം മിനിട്ടില്‍ ബ്രാന്റണ്‍ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് മനോഹരമായി ഡൊണാച്ചി ഹെഡ്ഡ് ചെയ്‌തെങ്കിലും ഒരു മുഴുനീള ഡൈവിലൂടെ അവിശ്വസനീയമായി ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാര്‍ തട്ടിയകറ്റി.
79-ാം മിനിട്ടില്‍ പന്തുമായി ബോക്‌സിനകത്തേക്ക് മുന്നേറിയ ഈസ്റ്റ് ബംഗാള്‍ താരം ബ്രൈറ്റ് നാല് ഗോവന്‍ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അനായാസേന ഗോള്‍ നേടിയത്. ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാള്‍ സമനില ഗോള്‍ വഴങ്ങി. ഗോവയ്ക്ക് വേണ്ടി പകരക്കാരനായി എത്തിയ ദേവേന്ദ്രയാണ് സ്‌കോര്‍ ചെയ്തത്. ക്രോസില്‍ നിന്നും പന്ത് സ്വീകരിച്ച ദേവേന്ദ്ര ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് ബംഗാള്‍ വല ചലിപ്പിച്ചത്. ഇതോടെ മത്സരം സമനിലയിലായി