ജക്കാര്‍ത്ത: പറന്നുയര്‍ന്നതിനു പിന്നാലെ കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍നിന്ന് ലഭിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. .
56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും സൂചനകളുണ്ട്. രാജ്യത്തിന്റെ വടക്കന്‍ സമുദ്ര മേഖലയില്‍ തിരച്ചില്‍ നടത്താന്‍ വിവിധ സംഘങ്ങളെ നിയോഗിച്ചതായി ഇന്‍ഡൊനീഷ്യയുടെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സിയായ ബസര്‍നാസിന്റെ മേധാവി ബാഗസ് പുരോഹിതോ അറിയിച്ചു. ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സിയില്‍നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ന് കാണാതായ വിമാനത്തിന്റേത് എന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍നിന്ന് ലഭിച്ചതായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്ന് നാലുമിനിട്ടിനു ശേഷം എസ്.ജെ. 182 നിശ്ചിത ഉയരത്തെക്കാള്‍ 10,000 അടി താഴ്ചയിലാണ് പറന്നിരുന്നതെന്ന് സ്വകാര്യ ട്രാക്കിങ് സേവനദാതാക്കളായ ഫ്‌ളൈറ്റ് റൈഡര്‍ 24 പറഞ്ഞു.