ന്യൂഡൽഹി: കടൽക്കൊല കേസ് എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേസ് നാളെ പരിഗണിക്കും. കടൽക്കൊല കേസ് അടിയന്തരമായി കേൾക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബവുമായി സർക്കാർ ബന്ധപ്പെട്ടിരുന്നുവെന്നും അർഹമായ നഷ്ടപരിഹാരം നൽകിക്കഴിഞ്ഞതാണെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയില്‍ അറിയിക്കുകയായിരുന്നു.
ഇന്ത്യയും ഇറ്റലിയുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമെന്ന നിലയിലാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞവർഷം ആഗസ്റ്റിലും കേസ് തീർപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാതെയും അവരുടെ വാദം കേൾക്കാതെയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കുടുംബങ്ങളെ കക്ഷിയാക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയാണ് തുഷാർ മേത്ത നൽകിയത്.
നാവികരെ കുറ്റവിചാരണ ചെയ്യുമെന്നും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് പരമാവധി നഷ്ടപരിഹാരം നൽകുമെന്നും ഇന്ത്യക്ക് ഇറ്റലി ഉറപ്പുനൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നഷ്ടപരിഹാരത്തിന് ഇന്ത്യക്ക് അർഹതയുണ്ടെന്നും എന്നാൽ, നാവികരെ കുറ്റവിചാരണ ചെയ്യുന്നത് ഇന്ത്യയുടെ അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്നുമാണ് ഹേഗിലെ ആർബിട്രേഷൻ കോടതി വിധിച്ചത്. തുടർന്നാണ് കേസ് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ എത്തിയത്.