Tuesday, June 6, 2023
- Advertisement -spot_img

കോണ്‍ഗ്രസ് നേതൃത്വവുമായി നിലവിലുള്ള തര്‍ക്കങ്ങള്‍ ആനക്കാര്യമല്ല; തര്‍ക്കങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ കഴിയുന്നത്; യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്നില്‍ വരണം; യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്

കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്. യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാട്ടത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന് യുഡിഎഫിന് ബോധ്യമായിട്ടുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ല. യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പന്തിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടേ മതിയാകൂ. ‘മുന്നില്‍ നില്‍ക്കണമെന്ന് ഞാന്‍ ഉമ്മന്‍ചാണ്ടിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇനിയും പറയും.

യുഡിഎഫുമായുള്ള ചര്‍ച്ചയിലും അത് പറയും. ഇതുപോലെ എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള ഒരു വലിയ നേതാവ് തന്നെ മുന്‍പന്തിയില്‍ നില്‍ക്കണം. ഉമ്മന്‍ചാണ്ടിയുമായി തനിക്ക് ഈ നാല് വര്‍ഷത്തിനിടയില്‍ ചെറിയ അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ല. കുശുമ്പന്‍മാര്‍ പലതും പറഞ്ഞുണ്ടാക്കും. രാഷ്ട്രീയത്തില്‍ എല്ലാം നേരായി പോകില്ല. നേരത്തെ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അഭിപ്രായം ഇരിമ്പുലക്കയല്ല.

രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റായിരിക്കുന്ന കാലത്ത് സെക്രട്ടറിമാരായിരുന്ന പലരും ഏതെങ്കിലും സംസ്ഥാനത്ത് മന്ത്രിമാരോ മുഖ്യമന്ത്രിയോ ആയിട്ടുണ്ട്. കുറച്ച് വര്‍ഷം ആഭ്യന്തര മന്ത്രിയായത് ഒഴികെ അദ്ദേഹം മറ്റൊരു അധികാര സ്ഥാനവും വഹിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം നിയമസഭയ്ക്കകത്ത് അതി ശക്തനാണ്. പക്ഷേ ഇപ്പോഴത്തെ വലിയ പിണറായി ശക്തിപ്രഭാവത്തിലുള്ള യുദ്ധ മുഖത്ത് ഇറങ്ങുമ്പോള്‍ നമ്മുടെ ആയുധങ്ങള്‍ മുഴുവന്‍ ഉണ്ടാകണം. അതിനര്‍ത്ഥം മുന്നില്‍ ഉമ്മന്‍ചാണ്ടി നില്‍ക്കണം എന്നാണ്. അത് ചെന്നിത്തല മോശമായിട്ടല്ലെന്നും ജോര്‍ജ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article