വിവേകിന് അഞ്ജലിയര്‍പ്പിച്ച് മലയാള സിനിമാ ലോകം

0
251

കൊച്ചി: വിടപറഞ്ഞ തമിഴ് സിനിമാ താരം വിവേകിന് മലയാള സിനിമാ ലോകത്തിന്റെ അഞ്ജലി. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി താരങ്ങളാണ് വിവേകിന്റെ വേർപാടിൽ വേദന പങ്കുവെച്ചിരിക്കുന്നത്. “വിവേകിന് ആദരാഞ്ജലികൾ, കരിയറിലുടനീളം നമ്മളെ ചിരിപ്പിച്ച മനുഷ്യൻ, നിങ്ങളുടെ വിയോ​ഗം ഞങ്ങളുടെ ഹൃദയം തകർക്കുന്നു”വെന്നാണ് മമ്മൂട്ടി കുറിച്ചത്.

“ഹൃദയം നിറഞ്ഞ അനുശോചനം”എന്ന് മോഹൻലാൽ കുറിച്ചു.

“അങ്ങയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് അനു​ഗ്രഹമായി കരുതുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് വിവേക് തമിഴ് സിനിമാലോകത്ത് ശ്രദ്ധനേടുന്നത്. ഏത് റോളും തന്റേതായ ശൈലിയിൽ അവതരിപ്പിച്ച് മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്യൻ, റൺ, സാമി, ശിവാജി, ഷാജഹാൻ തുടങ്ങി 200-ലധികം ചിത്രങ്ങളിൽ വിവേക് അഭിനയിച്ചു. മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം അഞ്ചുതവണ അദ്ദേഹത്തിന് ലഭിച്ചു. 2009-ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി.

1987ൽ ബാലചന്ദർ സംവിധാനം ചെയ്ത മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്കുള്ള വിവേകിന്റെ കടന്നുവരവ്. ധാരാളപ്രഭു എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here