നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത് ഇരുപത് സിനിമ കഴിഞ്ഞിട്ട്; ചാമരത്തിലെ വേഷം ചെയ്തു കഴിഞ്ഞും സഞ്ചരിച്ചത് ബസിലും ട്രെയിനിലുമൊക്കെ; ‘വിടപറയും മുന്‍പേ’ വന്നതോടെ താരമായി; പൊള്ളിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നെടുമുടി വേണു

കൊച്ചി: തുറന്നു സംസാരിക്കുന്ന താരങ്ങള്‍ വളരെ കുറവാണ്. പൊള്ളിക്കുന്ന അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ആലോസരമുണ്ടാക്കേണ്ട എന്ന് കരുതിയാണ് ഇത്തരം തുറന്നു സംസാരങ്ങള്‍ താരങ്ങള്‍ കുറയ്ക്കുന്നത്. എന്നാല്‍ ഒരഭിമുഖത്തില്‍ നടന്‍ നെടുമുടി വേണു നടത്തിയ തുറന്നു സംസാരമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് എനിക്ക് നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത് എന്നാണ് നെടുമുടി വേണു പറഞ്ഞത്.പതിനഞ്ചോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞും ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വസ്ത്രമൊക്കെ തന്നെയാണ് ഇട്ടിരുന്നത്. ഒരിക്കല്‍ അവര്‍ ചോദിച്ചു നിനക്ക് സിനിമയിലെ കോസ്റ്റ്യൂം എടുത്ത് ഉപയോഗിച്ചൂടെ, അപ്പോള്‍ ഞാന്‍ അവര്‍ക്ക് മുന്നില്‍ എന്റെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞു. ‘തകര’യിലെയും, ‘ആരവ’ത്തിലെയും, ‘ചാമര’ത്തിലെയും വേഷം എനിക്ക് ജീവിതത്തില്‍ ഇടാന്‍ കഴിയില്ലെന്ന് അവരും അപ്പോഴാണ് തിരിച്ചറിഞ്ഞത്. . ‘ഇളക്കങ്ങള്‍’ എന്ന സിനിമയാണ് എനിക്ക് അത്തരമൊരു കളര്‍ഫുള്‍ വസ്ത്രങ്ങള്‍ സമ്മാനിച്ചത്, നെടുമുടി വേണു പറയുന്നു.

തന്റെ ജനപ്രിയ കഥാപാത്രമായ ചാമരത്തിലെ വേഷം ചെയ്തു കഴിഞ്ഞും ഒരു സാധാരണ വ്യക്തിയെ പോലെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചിരുന്ന ആളായിരുന്ന്. എന്നാൽ മോഹന്‍ സംവിധാനം ചെയ്ത ‘വിടപറയും മുന്‍പേ’ ഇറങ്ങിയതോടെ ആ സ്വാതന്ത്ര്യം ഇല്ലാതായെന്നും നെടുമുടി വേണു പറയുന്നു. ‘വിടപറയും മുന്‍പേ’ എന്ന സിനിമയിലെ വേഷമാണ് ആളുകള്‍ക്കിടയില്‍ എന്നെ അറിയപ്പെടുന്ന നടനാക്കിയത്. അപ്പോഴും ഒരു നടന്‍ ആണെന്ന തോന്നല്‍ എന്നില്‍ ഇല്ലായിരുന്നു. സിനിമയില്‍ ടൈപ്പ് ചെയ്യപ്പെടരുതെന്ന വാശി എനിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു. പത്ര പ്രവര്‍ത്തകനായിരുന്ന സമയത്ത് ഞാന്‍ തിക്കുറിശ്ശി ചേട്ടന്റെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്, മലയാള സിനിമയുടെ ശാപം എന്തെന്നാല്‍ സ്റ്റാമ്പ് ചെയ്യപ്പെടുക എന്നതാണ്. ഒരു വേഷത്തിനു വിളിച്ചാല്‍ പിന്നെ അത് ചെയ്യാനേ വിളിക്കൂ. അദ്ദേഹം പറഞ്ഞ ആ വാക്കുകള്‍ എന്റെ മനസ്സില്‍ കിടന്നു. അത് കൊണ്ട് തന്നെ സിനിമയില്‍ ഞാന്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി മാറി സഞ്ചരിച്ചു.

ഒരിക്കൽ പോലും അദ്ദേഹം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നില്ല. അതിന് നടന് അതിന്റേതായ കാരണമുണ്ട്. നമ്മള്‍ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു പ്രൊഡക്റ്റിനെക്കുറിച്ചായിരിക്കും പറയേണ്ടത്. അത് ജനങ്ങളോട് നല്ലതാണ് എന്ന് പറയാന്‍ മടിയാണ്. കാരണം എന്റെ ഒരു ഉറപ്പിന്മേല്‍ ആയിരിക്കും അവര്‍ ആ സാധനം വാങ്ങി ഉപയോഗിക്കുന്നത്. ബുദ്ധി ശക്തിക്ക് ഞാന്‍ പരിചയപ്പെടുത്തുന്ന ലേഹ്യം എന്ന് പറഞ്ഞു പരസ്യം ചെയ്യുമ്പോള്‍ അത് നല്ലതാണെന്ന പൂര്‍ണ ബോധ്യം എനിക്ക് ഉണ്ടാകണം. അങ്ങനെ അല്ലാത്തിടത്തോളം കാലം പരസ്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് എന്റെ രീതിയെന്നും നെടുമുടി വേണു പറഞ്ഞു.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ നെടുമുടി വേണു. 1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഇന്നും സിനിമയിൽ സജീവമാണ്. പത്മരാജൻ സംവിധാനം ചെയ്ത ഒരിടത്തൊരു ഫയൽവാാൽ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ തിരക്കേറിയ സഹനടന്മാരിൽ ഒരാളായി മാറുകയായിരുന്നു താരം. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും നെടുമുടി വേണു സജീവമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here