കൊച്ചി: കോവിഡ്ബാധ കാരണമുള്ള പത്തുമാസത്തെ അടച്ചിടലിന് ശേഷമാണ് വിജയിന്റെ ‘മാസ്റ്റർ’ എത്തിയത്. കഴിഞ്ഞ ഏപ്രിലിൽ റിലീസ് നിശ്ചയിച്ചിരുന്ന മാസ്റ്റർ ആസ്വാദകർ കാത്തിരുന്ന സിനിമയായിരുന്നു. ദളപതി വിജയും വിജയ്സേതുപതിയും നേർക്ക് നേർ എത്തുന്ന ആദ്യത്തെ സിനിമ. കൈതി എന്ന കൾട്ട് ത്രില്ലറിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമ , അനിരുദ്ധിന്റേതായി വന്ന ഹിറ്റ് സോങ്‌സ് തുടങ്ങി മാസ്റ്റർ നൽകിയ ബിഗ് ഹൈപ്പിന് കാരണങ്ങൾ ഏറെയാണ്.. ആരാധകരുടെയും സിനിമാപ്രേമികളുടെയും പ്രതീക്ഷയ്ക്ക് ഒപ്പമെത്തുന്ന രീതിയിൽ തന്നെയാണ് മാസ്റ്ററിന്റെ തുടക്കം. സ്ക്രിപ്റ്റിന്റെ ആദ്യത്തെ പത്ത് മിനിറ്റ് നേരം വിജയ് സേതുപതിയുടെ ഭവാനി എന്ന വില്ലൻ ക്യാരക്റ്ററിനെ എസ്റ്റാബ്ലിഷ് ചെയ്യാനാണ് ചിലവഴിച്ചിരിക്കുന്നത്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധം തന്നെയാണ് അത്യന്തികമായി മാസ്റ്റർ എന്ന സിനിമയും പറയുന്നത്. വിജയിന്റെ ജെ.ഡി എന്ന പേരിന്റെ പൂർണരൂപം പോലും ലാസ്റ്റ് സീനിലേ പ്രേക്ഷകന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നുള്ളൂ. വിജയ് കഥാപാത്രത്തിന് പരമ്പരാഗത നായികയോ ഡ്യൂയറ്റ് ഗാനരംഗങ്ങളോ ഒന്നുമില്ല എന്നതും എടുത്ത് പറയേണ്ടതാണ്. വിജയ് ന്റെയും വിജയ് സേതുപതിയുടെയും കട്ടയ്ക്ക് കട്ട നിൽക്കുന്ന മിന്നുന്ന പ്രസൻസും പെർഫോമൻസും തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്.
2002 ലെ നാഗർകോവിൽ ആണ് കഥാപശ്ചാത്തലം. 17 കാരനായ ഭവാനി നിസ്സഹായതയുടെയും ഗതികേടിന്റെയും പരകോടിയിൽ എങ്ങനെ ഒരു മാഫിയാ മോൺസ്റ്റർ ആയിമാറുന്നു എന്നത് വളരെ കുറഞ്ഞനേരം കൊണ്ടുതന്നെ സ്ഥാപിച്ചെടുക്കാൻ സാധിക്കുന്നു. തുടർന്ന് 2019 ലെ ചെന്നൈയിലേക്ക് സിനിമ കട്ട് ചെയ്യുന്നു. ടൈറ്റിൽ വരുന്നു. വിജയ്ന്റെ ജെ ഡി യുടെ ടിപ്പിക്കൽ ഇൻട്രോ സീൻ ആവുന്നു. സേതുപതിക്കും ഭവാനിക്കും വേണ്ടി ഉയർന്ന കൈയടികളുമാരവവും പതിന്മടങ്ങ് മുഴക്കത്തിൽ വിജയ് ലേക്കും ജെ ഡി യിലേക്കും വഴിമാറുന്നു.. ചെന്നൈയിലെ ഒരു കോളേജിൽ പ്രൊഫസർ ആയ ജെഡി, വിദ്യാർത്ഥികളുടെ കണ്ണിലുണ്ണി ആണെങ്കിലും കോളേജ് മാനേജ്‌മെന്റിനും സഹപ്രവർത്തകർക്കും കണ്ണിലെ കരടാണ്. അയാളുടെ കുത്തഴിഞ്ഞ മദ്യപാനവും പ്രവൃത്തികളും തന്നെ കാരണം. ഒറ്റനോട്ടത്തിൽ സ്റ്റുഡന്റെന്നു തോന്നിപ്പിക്കും വിധമാണ് ഡീലിങ്ങുകൾ.
ജീവിതത്തിന്റെ ഒരു പ്രത്യേക വഴിത്തിരിവിൽ ഭവാനിയുടെ പ്രവർത്തനങ്ങൾക്ക് ജെഡിയും ജെഡിയുടെ പ്രവർത്തനങ്ങൾക്ക് ഭവാനിയും വിഘാതമായി മാറുന്നു. രണ്ടുപേരും ഇടയുന്നു. ഏറ്റുമുട്ടുന്നു. ഒരു ദുർഗുണപരിഹാര പാഠശാലയുടെ പശ്ചാത്തലത്തിൽ സിനിമ മുന്നേറുന്നു.. സ്റ്റണ്ട് സിൽവയുടെ കൊറിയോഗ്രാഫിയിലുള്ള ആക്ഷൻ സീനുകൾക്ക് നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്.തന്റെ സ്റ്റാർഡത്തെ ഹീറോയിസം കൊണ്ട് നൂറ്റുക്ക് നൂറ് കീപ്പ് ചെയ്യാൻ വിജയ് ന് സാധിക്കുമ്പോൾ കൊടൂരനായ ഒരു പ്രതിനായകനെ തന്റേത് മാത്രമായ അനൗപചാരികതകളോടെ തീർത്തും കൂളായി ചെയ്തുകൊണ്ടാണ് സേതുപതി കയ്യടി നേടുന്നത്. മോശമല്ലാത്ത തമിഴ് പടം എന്ന വിശേഷണം തന്നെയാണ് മാസ്റ്ററിന് നല്‍കാന്‍ സാധിക്കുന്നത്.