ജാമ്യം നല്‍കരുത്; സാക്ഷികളെ സ്വാധീനിക്കും; പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന്പോലീസ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന എ.ആര്‍.ക്യാമ്പില്‍ വെച്ച് തന്നെ നടത്തും. വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നത്. മുന്‍ എം.എല്‍.എ. ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ പി.സി.ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചുമത്തിയിട്ടുള്ള കേസുകളില്‍ തെളിവ് ശേഖരണമോ റിക്കവറിയോ ഇല്ല. പ്രായം കൂടുതല്‍ ഉള്ള ആളാണെന്നും ചൂണ്ടിക്കാട്ടിയാകും പി.സി.ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യത്തിനായി വാദിക്കുക. 153 എ, 95 എ വകുപ്പുകള്‍ ചേര്‍ത്താണ് പി.സി.ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്തത്.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽകാന്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

വിദ്വേഷ പ്രസംഗ വിവാദത്തില്‍ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. . തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം എ.ആര്‍.ക്യാംപിലെത്തിച്ച ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നീട് 295 എ വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ തിരുവന്തപുരത്തേക്ക് കൊണ്ടുവന്നത്. പൊലിസും മകന്‍ ഷോണ്‍ ജോര്‍ജും വാഹനത്തിലുണ്ടായിരുന്നു.

അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നൽകിയിരുന്നു. ഇതു കൂടാതെ ഡി.വൈ.എഫ്.ഐ പൊലിസിലും പരാതി നല്‍കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച്‌ ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പി സി ജോർജിനെതിരായ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here