കേന്ദ്രത്തിന്റെ വാക്സിന്‍ നയം പുതിയ പ്രതിസന്ധി; വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ വാക്‌സിനേഷന്‍ നയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് പകരം അര്‍ഹമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പുതിയ വാക്‌സിന്‍ നയം പ്രകാരം വാക്‌സിന്‍ ഉത്പാദനകര്‍ 50 ശതമാനം വാക്‌സിന്‍ മാത്രം കേന്ദ്രസര്‍ക്കാരിന് നല്‍കിയാല്‍ മതി. ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലേക്കുമായി മാറ്റിവയ്ക്കുകയാണ്. നിര്‍മാതാക്കളില്‍ നിന്ന് വില നല്‍കി വാക്‌സിന്‍ വാങ്ങാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത വലിയ പ്രയാസമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് ലഭിക്കുന്ന കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് നല്‍കുകയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 600 രൂപയും ഈടാക്കും. ഇത്തരത്തില്‍ വാക്‌സിന്റെ വില കുതിച്ചുയര്‍ന്നാല്‍ കോവിഡ് പ്രതിസന്ധി തീര്‍ത്ത സാമ്പത്തിക വിഷമതകളില്‍പ്പെട്ട സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

45 വയസിന് മുകളിലുള്ള 1.13 കോടി ആളുകള്‍ക്ക് മേയ് 20നുള്ളില്‍ വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യം കൈവരിക്കാനായി ദിവസേന 2.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ വാക്‌സിന്‍ ദൗര്‍ലഭ്യം കാരണം ഇത് തടസപ്പെട്ടു. ഇനി ദിവസേന 3.70 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്താല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കു. അതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് പകരം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചേ മതിയാകു. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികളുമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here