ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി

പട്ന: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് നൗക കുടുങ്ങിയത്. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്. ഗംഗാനദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ ഉല്ലാസ് നൗകയിൽ നിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്.

62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാ വിലാസിൽ 3 ‍ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് യാത്രയ്ക്കായി ആകെ ചെലവാകുക.

യുപിയിലെ വാരാണസിയിൽനിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച ഉല്ലാസ നൗക യാത്രയ്ക്കു 13നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്. 3,200 കിലോമീറ്റർ നദീയാത്ര 51 ദിവസത്തേക്കാണ്. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെയാണ് സഞ്ചാരം. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെ 50 സ്ഥലങ്ങൾ സന്ദർശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here