തിരുവനന്തപുരം: സമരം കടുപ്പിക്കാന്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍. ആവശ്യങ്ങള്‍ അംഗീകരിച്ച് നാളെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ മുന്നറിയിപ്പ്. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ ചോദിച്ചറിയുകയാണുണ്ടായത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇപ്പോഴുള്ള സമരം നിര്‍ത്തണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ആ വാക്ക് കൊണ്ട് മാത്രം സമരം നിര്‍ത്താനാവില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണ്. നാളെ വൈകുന്നേരത്തിനുള്ളില്‍ ഉത്തരവ് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് സമരക്കാരുടെ തീരുമാനം.
ശനിയാഴ്ചയാണ് ഉദ്യോഗസ്ഥ തലത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളും സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സും ചര്‍ച്ച നടത്തിയത്. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.