Home News Exclusive മത്സ്യബന്ധന കരാറില്‍ സമഗ്ര അന്വേഷണത്തിനു സര്‍ക്കാര്‍; ധാരണാപത്രം റദ്ദാക്കിയേക്കും

മത്സ്യബന്ധന കരാറില്‍ സമഗ്ര അന്വേഷണത്തിനു സര്‍ക്കാര്‍; ധാരണാപത്രം റദ്ദാക്കിയേക്കും

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായി തുടരവേ ഇഎംസിസിയുമായുള്ള വിവാദ ധാരണപത്രം സര്‍ക്കാര്‍ റദ്ദാക്കിയേക്കും. ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടതായാണ് സൂചന. ധാരണപത്രം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നല്‍കുകയോ ധാരണപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അത്തരമൊരു ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അത് പിന്നീടാണ് സര്‍ക്കാരിന്റെ പരിഗണയ്ക്കുവരുക. അപ്പോഴാണ് നിയമപരമായ പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇ.എം.സി.സി. പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് പറഞ്ഞ ചെന്നിത്തല, കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളും പുറത്തുവിടുകയും ചെയ്തു.

അസെന്റില്‍ ഇ.എം.സി.സിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവും കെ.എസ്.ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളുമാണ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്. വ്യവസായസംരംഭകരെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ നടത്തിയ അസന്റ് 2020-യിലാണ് യു.എസ്. ആസ്ഥാനമായ ഇ.എം.സി.സി.യുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിനല്‍കിയത്. ഒരാഴ്ചയിലധികം ആഴക്കടലില്‍ തങ്ങി മീന്‍പിടിക്കാന്‍ കഴിയുന്ന ചെറു കപ്പലുകള്‍ (ട്രോളറുകള്‍) നിര്‍മിക്കാനും പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റിയയക്കാനുമായിരുന്നു സ്വകാര്യകമ്പനിയുടെ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യനയം പ്രകാരം ആഴക്കടല്‍ ട്രോളറുകള്‍ അനുവദനീയമല്ല. സാഹചര്യത്തില്‍ തന്നെയാണ് ധാരണാ പത്രം വന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here