തിരുവനന്തപുരം: വിവാദ മരംവെട്ട് ഉത്തരവിൽ റവന്യൂ വകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണിത്. മരംമുറിക്കു കളമൊരുക്കിയ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുള്ളതല്ലെന്ന് പകൽ പോലെ വ്യക്തമായിട്ടും അത് വീഴ്ചയല്ലെന്ന് വ്യാഖ്യാനിക്കുന്നത് വിചിത്രമായിരിക്കുന്നു.
ഇപ്പോൾ കർഷകരെ മറയാക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. കർഷകർക്കുവേണ്ടി ആയിരുന്നുവെങ്കിൽ അത് പിൻവലിച്ച് എന്തിന്? കർഷകർക്ക് അവരുടെ പട്ടയഭൂമിയിലെ മരം മുറിക്കാൻ അവകാശം നൽകണം. അത് കാലാകാലങ്ങളായുള്ള ആവശ്യവുമാണ്. അതിന് ശാശ്വതമായി നിലനിൽക്കുന്ന ഉത്തരവാണ് വേണ്ടത്. അത് അവർക്ക് മാത്രം ബാധകവുമായിരിക്കണം. എന്നാൽ അതിനുവേണ്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തരവിന്റെ പേരിൽ സംസ്ഥാനത്തുടനീളം കോടികളുടെ മരം കൊള്ള നടക്കുന്നതെങ്ങനെ?
ബന്ധപ്പെട്ടവർ അറിഞ്ഞുo അവരെ ബന്ധികളും മൂകസാക്ഷികളുമാക്കി സ്വാധീനശക്തികൾ നടത്തിയ വൻ കൊള്ളയാണ് ഇത്. അതിന് ഉത്തരവു നൽകിയവർക്ക് എങ്ങനെ ഒഴിഞ്ഞു മാറാനാവും. ഉത്തരവ് സദുദ്ദേശപരമാണന്ന് ആണയിടുന്നവർക്ക് അതിൽ ആത്മാർഥതയുണ്ടെങ്കിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിനുള്ള അന്വേഷണത്തിന് തയ്യാറാകുകയാണ് വേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.