കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യല്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ഒന്നും പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂലായില്‍ ഇഡിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. 2012ല്‍ കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സലീം എന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്.
അന്‍വര്‍ ക്വാറിയുണ്ടെന്ന് കാണിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു സലീമിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ സലീമിനോട് ഹാജരാക്കാന്‍ ഇ.ഡി.ആവശ്യപ്പെടുകയും ഇയാള്‍ കൈവശമുള്ള തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു.
തന്റെ ഉടമസ്ഥതയില്‍ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാല്‍ 10 ശതമാനം ഷെയര്‍ നല്‍കാമെന്ന് അന്‍വര്‍ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നല്‍കിയത്.