രാഹുൽ മോദിയെ കണ്ട് പഠിക്കണമെന്ന് എഫ്ബി കുറിപ്പില്‍ പി.കെ.ഡി. നമ്പ്യാര്‍. തെറ്റുകാരനല്ലെങ്കിൽ താങ്കളെ ഏത് ഏജൻസിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിനെക്കുറിച്ച് നമ്പ്യാര്‍ എഫ്ബി കുറിപ്പില്‍ എഴുതി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയിരുന്നു.
നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രൺദീപ് സിങ് സുർജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേൽ അടക്കമുള്ള നേതാക്കളേയും പ്രവർത്തകരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോണ്‍ഗ്രസ് പ്രതിഷേധത്തെ ചൂണ്ടിക്കാട്ടിയാണ് നമ്പ്യാരുടെ പോസ്റ്റ്;
എഫ്ബി കുറിപ്പ് ഇങ്ങനെ:
എന്തെല്ലാമാണ് രാഹുൽഗാന്ധിയും കോൺഗ്രസുകാരും കാട്ടിക്കൂട്ടുന്നത്. അന്വേഷണ ഏജൻസി വിളിച്ചാൽ രാജ്യത്തെ നിയമത്തെയും ഭരണഘടനയെയും അനുസരിക്കുന്ന പൗരൻ പോകേണ്ടേ. തെറ്റുകാരനല്ലെങ്കിൽ താങ്കളെ ഏത് ഏജൻസിക്കും ഒന്നും ചെയ്യാൻ കഴിയില്ല. തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്നതിന് മുമ്പ് ബഹളമുണ്ടാക്കാൻ കൂട്ടിയ കോൺഗ്രസുകാർക്കെന്നല്ല ആർക്കും താങ്കളെ രക്ഷിക്കാനും കഴിയില്ല. 2010 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായ കാര്യം രാഹുലിന് ഓർമ്മയുണ്ടോ. 9 മണിക്കൂറാണ് മോദിയെ മുൻ സി.ബി.ഐ ഡയറക്ടർ ആർ.കെ.രാഘവന്രെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. നൂറിലധികം ചോദ്യങ്ങൾക്കാണ് അവർ ഉത്തരം തേടിയത്. മോദി കൂളായി എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു. രാജ്യത്തെ ഭരണഘടനയിലും നിയമത്തിലും തനിക്ക് വിശ്വാസമുണ്ടെന്നായിരുന്നു മോദി പറഞ്ഞത്. മോദിയെ കുടുക്കണമെന്ന് അന്നു കേന്ദ്രഭരണത്തിലുണ്ടായിരുന്നവർക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്ക് ശേഷം പ്രതിപക്ഷത്തായ ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോഴും കോൺഗ്രസുകാർ രാജ്യത്താകെ ബഹളംവച്ചിരുന്നു. മോദിയുടെതല്ല, ഇന്ദിരയുടെ മാതൃകയാണ് തുടരുന്നതെന്നായിരിക്കും രാഹുൽ പറയാൻ പോകുന്നത്. ആ കാലം കഴിഞ്ഞുപോയി എന്നു മാത്രമാണ് അതിനുള്ള മറുപടി.