തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ സിബിഐ നടത്തുന്നത് എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണം. ഇന്‍ഷൂറന്‍സ് പോളിസിയുമായി ബാലുവിന്റെ മരണത്തിനു ബന്ധമുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. ഒരു കോടിയോളം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുടെ വിശദാംശങ്ങള്‍ ആണ് സിബിഐ അന്വേഷിക്കുന്നത്. മരണത്തിന് എട്ട് മാസം മുമ്പാണ് പോളിസി എടുത്തത്.
സ്വർണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണുവിന്റെ നമ്പറും, ഇമെയിൽ ഐയിയുമാണ് പോളിസിയിൽ നൽകിയിരിക്കുന്നത്. എൽഐസി മാനേജർ, ഇൻഷുറൻസ് ഡവലപ്മെന്റ് ഓഫീസർ എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ഉണ്ടെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകമാണെന്നും, സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമൊക്കെയായിരുന്നു ആരോപണം.
ചികിത്സ നടന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂടാതെ കെഎസ്ആർടിസി ഡ്രൈവർ അജിയുടെയും മൊഴി സിബിഐ എടുത്തിട്ടുണ്ട്. അപകടസമയത്ത് ആരാണ് കാറോടിച്ചിരുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. താനല്ല കാര്‍ ഓടിച്ചത് എന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ അര്‍ജുന്‍ ആണ് കാര്‍ ഓടിച്ചത് എന്നാണ് മുന്‍പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്.