റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രതിദിനം 5000ത്തോളം പുതിയ കേസുകള്‍; കേരളത്തിലെ സ്ഥിതി ആശങ്കാകുലം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്; എത്തുന്നത് ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം

0
222

ന്യൂഡല്‍ഹി: കോവിഡ് കേരളത്തില്‍ കൈപ്പിടിയില്‍ നിന്നു വഴുതിമാറവേ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നു. 5000ത്തോളം പുതിയ കേസുകളാണ് കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതുകൊണ്ട് തന്നെയാണ് കേന്ദ്രസംഘം കേരളത്തില്‍ എത്തുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാവും സംസ്ഥാനത്തെത്തുക. വെള്ളിയാഴ്ച സംഘം കേരളത്തിലെത്തും.

കോവിഡ് സംസ്ഥാനത്ത് നിയന്ത്രണാതീതമായി തുടരവേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് കേന്ദ്രസംഘം എത്തുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35,038 പുതിയ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. ബുധനാഴ്ച 6394 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് പ്രത്യേക സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിനായി നിയോഗിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ഞായറാഴ്ച അനുമതി നല്‍കിയിട്ടുണ്ട്. കോവാക്‌സിന്‍, കോവിഡ്ഷീല്‍ഡ് എന്നിവയാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.

കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഓണ്‍ലൈനായി നടത്തുന്ന യോഗം. രാജ്യത്തെ എല്ലാ ജില്ലകളിലും ജനുവരി എട്ടിന് കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഡ്രൈറണ്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here