ഇടിഞ്ഞു വീണത് ഉത്തരാഖണ്ഡ് ചമോലി മഞ്ഞുമല; നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജീവൻ നഷ്ടമായതായി സൂചന; നദിയിൽ നിന്നു കണ്ടെടുത്തത് 10 മൃതദേഹങ്ങൾ; രക്ഷാപ്രവർത്തനത്തിന് കര, വ്യോമസേനകൾ രംഗത്ത്

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജീവൻ നഷ്ടമായതായി സൂചന. തപോവൻ–റെനി ജലവൈദ്യുത പദ്ധതിയിൽ ജോലി നോക്കിയിരുന്ന നൂറ്റമ്പതോളം തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമാമായത്. 10 മൃതദേഹങ്ങൾ നദിയിൽ നിന്നു കണ്ടെത്തിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് വന്ന അതിശക്തമായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്‍ടിപിസിയുടെ തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിൽ വൻമഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന് അളകനന്ദയും ധൗലിഗംഗ നദിയും കരകവിഞ്ഞു. ഇതാണ് വൻ ദുരന്തത്തിലേക്ക് നയിച്ചത്. .

രക്ഷാപ്രവർത്തനത്തിന് കര, വ്യോമസേനകൾ രംഗത്ത് വന്നിട്ടുണ്ട്. 2013 മാതൃകയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. 600 പേരടങ്ങുന്ന സേനയെയാണ് സൈന്യം നിയോഗിച്ചിരിക്കുന്നത്. ഇവർ വിവിധ പ്രളയബാധിത പ്രദേശത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി രണ്ടു ഹെലികോപ്റ്ററുകളും സേന വിട്ടു നൽകിയിട്ടുണ്ട്. രണ്ട് എംഐ–17, എഎൽഎച്ച് ധ്രുവ് എന്നിങ്ങനെ മൂന്ന് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി ഡെറാഡൂണിൽ കേന്ദ്രീകരിച്ചിട്ടുണ്ട്.

ഋഷികേശിന് സമീപമുള്ള സൈനിക കേന്ദ്രവും തദ്ദേശ ഭരണകൂടവും രക്ഷാപ്രർത്തനത്തിനും ദുരിതാശ്വാസപ്രവർത്തനത്തിനും മുന്നിലുണ്ട്. . ആവശ്യാനുസരണം കൂടുതൽ ഹെലികോപ്റ്ററുകൾ വിട്ടു നൽകുമെന്ന് വ്യോമസേന വാർത്ത ഏജൻസിയായ എഎൻഐയെ അറിയിച്ചു. ഇന്തോ– തിബറ്റൻ അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ വെള്ളപ്പൊക്കം കാരണം നാശനഷ്ടമുണ്ടായ തപോവൻ, റെനി പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളും ദുരന്തബാധിത മേഖലയിൽ എത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഡൽഹിയിൽ നിന്ന് കൂടുതൽ സംഘം എത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ സേന ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയാണ്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചു. നിരവധി വീടുകൾ നശിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here