കൂണുപോലെ എൻജീനീയറിംഗ് കോളേജുകൾ പടർന്നു പന്തലിക്കുകയും ബി.ടെക് കഴിഞ്ഞവരിൽ കൂടുതലും തൊഴിൽരഹിതരായി അലയുകയും ചെയ്യുമ്പോഴാണ് ബി.ടെക്കുകാർക്കും ബി.എഡ് എടുക്കാം എന്ന ഇളവ് സർക്കാർ നൽകിയത്. എൻജീനീയറിംഗ് കഴിഞ്ഞവരിൽ നല്ലൊരു ശതമാനം അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി തേടി പോവുകയാണ്.
ചിലർ പി.എസ്.സി എഴുതി ക്ലാർക്ക് ആയും ബാങ്ക് ജീവനക്കാരായും പ്രവർത്തിക്കുന്നുണ്ട്. നാലു വർഷത്തെ കോഴ്സിനിടയിൽ ഇവരെല്ലാം ഫിസിക്സും ഗണിതവും നന്നായി പഠിച്ചിട്ടുണ്ടാകുമെന്ന പരിഗണനയിലാണ് അദ്ധ്യാപകരാകാനുള്ള ബി.എഡ് കോഴ്സിന് സാധാരണ ബിരുദത്തിന് പുറമെ ബി.ടെക് കൂടി പരിഗണിച്ചത്.
അദ്ധ്യാപകരാകാനുള്ള ബി.ടെക് കാരുടെ മോഹത്തിന് വിലങ്ങുതടി പി.എസ്.സിയാണ്. മാത്സ് , ഫിസിക്സ് അദ്ധ്യാപകരാകാൻ ബി.ടെക് എടുത്തതിന് ശേഷം ബി.എഡ് എടുത്തവരെകൂടി പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്. കുറെ ബഹളം വച്ചാലെ പി.എസ്. സി അധികൃതർ തങ്ങളുടെ ആവശ്യം പരിഗണിക്കൂ എന്ന് അവർക്കറിയാം. അവരും അതിനുള്ള തയ്യാറടുപ്പിലാണ്.