തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാകുലമായി തുടരുന്നു. 28,447 പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. രണ്ടു ലക്ഷത്തോളം പേരാണ് ചികിത്സയില്‍ തുടരുന്നത്.. 24 മണിക്കൂറിനിടെ 1,30,617 പരിശോധനകള്‍ നടന്നു. ഇന്ന് 27 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5055 ആയി.
അതേസമയം, കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനോടകം 55.09 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകി. 8.3 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി. 1.13 കോടി പേർ 45 വയസിന് മുകളിൽ പ്രായമുള്ളവരാണ് സംസ്ഥാനത്ത്. വാക്സീൻ ഡോസ് രണ്ട് ദിവസത്തിൽ തീരും. 50 ലക്ഷം വാക്സീൻ ഡോസ് ന്യായമായ ആവശ്യം. അത് എത്രയും വേഗം ലഭ്യമാക്കണം.
സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സീൻ ലഭ്യമാക്കി ദേശീയ തലത്തിൽ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവാകും. ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കും. ഇപ്പോൾ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിക്കാൻ സംസ്ഥാനത്തിന് വലിയ തോതിൽ പണം ചെലവാക്കേണ്ടി വരുന്നുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.