ട്രെയിനില്‍ യുവതിയ്ക്ക് നേരെ ആക്രമം; നൂറനാട് സ്വദേശിയായ പ്രതിയ്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

കൊച്ചി: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ ആര്‍പിഎഫ് തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശിയാണ് പ്രതി. ഇയാളുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയ്ക്കായി തിരച്ചില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. കാ‍ഞ്ഞിരമറ്റത്ത് വച്ച് രാവിലെയാണ് കവര്‍ച്ചയും അക്രമവും നടന്നത്. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു സംഭവം. യുവതി ബോഗിയില്‍ ഒറ്റയ്ക്ക് ആയിരുന്ന സന്ദര്‍ഭം മുതലെടുത്താണ് ആക്രമണം.

മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടനെ ട്രെയിനിലെ ബാത്ത്റൂമിന്റെ ഭാഗത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു.ട്രെയിനിന്റെ വാതിൽ അടച്ച് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. ഭീഷണിപ്പെടുത്തി അക്രമി ആഭരണങ്ങൾ ഊരി വാങ്ങി. ആക്രമണത്തിനിടയിൽ യുവതി ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയിൽ തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂരിൽ ജോലിക്കു പോകാനായി മുളന്തുരുത്തിയിൽനിന്നാണു യുവതി ട്രെയിനിൽ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. വീണ്ടും ആക്രമിക്കാനായി കൈയ്ക്കു കയറി പിടിച്ചപ്പോൾ യുവതി ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നുവെന്നു പറയുന്നു. യുവതിയെ ചികിത്സയ്ക്കായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here