കോഴിക്കോട്: എലത്തൂർ സീറ്റിന്റെ പേരില്‍ എന്‍സിപി ജില്ലാ കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സീറ്റ് ആർക്കെന്ന് തീരുമാനിക്കാനുള്ള എൻസിപി ജില്ലാ നേതൃയോഗത്തിലാണ് സംഘര്‍ഷം വന്നത്. എ.കെ.ശശീന്ദ്രന് സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് ശശീന്ദ്രന്‍ അവസരം നിഷേധിക്കുന്നതായും എലത്തൂര്‍ മണ്ഡലത്തില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നും പ്രവര്‍ത്തകര്‍ അവശ്യപ്പെട്ടു.
ശശീന്ദ്രന്‍ അനുകൂലികള്‍ എതിര്‍ത്തതോടെ വാക്കേറ്റം കയ്യാങ്കളിയിലെത്തി. മാണി സി. കാപ്പന്‍റെ ചുവടുമാറ്റത്തെത്തുടര്‍ന്ന് ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്തെത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു യോഗം. രണ്ട് തവണ മത്സരിച്ചവര്‍ മത്സരിക്കേണ്ടെന്ന തീരുമാനം നമ്മളും തീരുമാനിക്കേണ്ടതുണ്ടെന്ന അഭിപ്രായം ജില്ലാ കമ്മറ്റിയില്‍ നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ വിജയം മാത്രമാണ് ലക്ഷ്യമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.