തിരുവനന്തപുരം: രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആലപ്പുഴ പുന്നപ്രയിലെ കോവിഡ് സെന്ററില്‍ ഇനി ആംബുലന്‍സ് സേവനം. ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്നവിധം ആംബുലന്‍സും രണ്ടു സ്റ്റാഫ് നഴ്സുമാരെയും വിന്യസിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. പുന്നപ്ര വടക്ക് പഞ്ചായത്തിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുമാണ് ചുമതല. 87 പേര്‍ കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല. കോവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നലെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു.
പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ രോഗിയെ ആണ് നില വഷളായതിനാൽ ആംബുലൻസിന് കാത്തു നിൽക്കാതെ പി പി ഇ കിറ്റ് ധരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഡി വൈ എഫ് ഐ പ്രവർത്തകരായ രേഖയുടെയും അശ്വിന്റെയും സമയോചിതമായ ഇടപെടലാണ് പുറക്കാട് സ്വദേശി സാബുവിന്റെ ജീവൻ നിലനിർത്തിയത്. കോവിഡ് ബാധിതനായ പുറക്കാട് സ്വദേശി സാബുവിനാണ് രാവിലെ ശ്വാസതടസവും നെഞ്ച് വേദനയും അനുഭവപ്പെട്ടത്.
ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും പത്ത് മിനിറ്റിലേറെ വൈകുമെന്നതിനാൽ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരായ ഡി വൈ എഫ് ഐ പ്രവർത്തകർ രേഖയും അശ്വിനും സാബുവിനെ ആശുപത്രിയിലെത്തിക്കാനായി തയ്യാറാകുകയായിരുന്നു. പി പി ഐ കിറ്റണിഞ്ഞ് ബൈക്കിൽ സാബുവിനെ നടുക്കിരുത്തി തൊട്ടടുത്ത കോമ്പൗണ്ടിലെ പുന്നപ്ര സാഗരാ സഹകരണ മെഡിക്കൽ കോളേജിലെത്തിച്ചു. ഈ വാര്‍ത്ത വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വന്നത്.