കോഴിക്കോട്: കൊടകര കുഴല്‍പ്പണ ബന്ധം നിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കൊടകരയില്‍ പോലീസ് പിടിച്ച കുഴല്‍പണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞ സുരേന്ദ്രന് ബിജെപിയുമായി ബന്ധിപ്പിക്കാന്എന്തെങ്കിലും തെളിവു കിട്ടിയോ എന്നും ചോദിച്ചു. പൊലീസ് ചോദ്യംചെയ്യാന്‍ വിളിച്ച നേതാക്കളെല്ലാം പോയി, പ്രകടനം നടത്തിയില്ല. കോടതിയില്‍ പോയില്ല. ഒന്നും മറയ്ക്കാനില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് നെഞ്ചുവേദനയോ കോവിഡോ വരാത്തതെന്നും സിപിഎമ്മിനെപ്പോലെ ഗുണ്ടായിസം നടത്തി അന്വേഷണം സംഘത്തെ ഭീഷണിപ്പെടുത്തിയില്ല എന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപിയെ ആക്രമിക്കാമെന്നും എന്നാല്‍ ജാനുവിനെ ആക്ഷേപിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു. അവരെ വെറുതെവിടണം. സി.കെ.ജാനു തന്നോട് പണം ചോദിച്ചിട്ടില്ല. കൊടുത്തിട്ടില്ല. സംസാരിച്ചിട്ടുമില്ല. തിരഞ്ഞെടുപ്പ് ചെലവിന് പണം നല്‍കിയതിന് രേഖകളുണ്ട്. പ്രസീത വിളിച്ചില്ലെന്ന് പറയുന്നില്ല, ശബ്ദരേഖ മുഴുവനായും പരിശോധിക്കണമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
മനസാക്ഷിയില്ലാത്ത മട്ടിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. തലയിൽ മുണ്ടിടാതെയാണ് ബി.ജെ.പി നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്. പണം ബി.ജെ.പിയുടേത് അല്ലാത്തത് കൊണ്ടാണ് പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നത്. മൂന്നരക്കോടിയുടെ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് മാസമായി നടക്കുന്നത് ആസൂത്രിത നാടകമാണ്. അധികാരമില്ലാത്ത കാര്യങ്ങളാണ് നിയമവിരുദ്ധമായി പൊലീസ് ചെയ്യുന്നത്. സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും മുങ്ങി നിൽക്കുന്ന സി.പി.എമ്മിന് രക്ഷപ്പെടാനാണ് ഇത്തരത്തിൽ ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സുരേന്ദ്രന് ആരോപിച്ചു.