സുരേന്ദ്രന്‍ ജാനുവിന് പത്ത് ലക്ഷം നല്‍കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ പ്രസീതയുടെ വെല്ലുവിളി

കണ്ണൂര്‍: സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നല്‍കി എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രസീത. സംശയമുണ്ടെങ്കില്‍ അതിന്‍റെ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാനാണ് പ്രസീത വെല്ലുവിളിച്ചത്. ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും പ്രസീത കണ്ണൂരിൽ പറഞ്ഞു.

ഒരു ഓഡിയോ റെക്കോർഡ് ചെയ്ത് അതിൽ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും ആവശ്യമായ ഭാഗങ്ങൾ ചേര്‍ക്കാനും ഒന്നും ഒരു ബുദ്ധിമുട്ടില്ല എന്ന് ഓര്‍ക്കണമെന്ന് കെ സുരേന്ദ്രനുള്ള മറുപടിയായി പ്രസീത് പറഞ്ഞു. പണം നൽകിയെന്ന ആരോപണം കെ.സുരേന്ദ്രന്‍ നിഷേധിച്ചിരുന്നു.

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രൻ. അദ്ദേഹത്തിനെതിരെ കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കിൽ കേസ് കൊടുക്കണം. ശബ്ദരേഖ പരിശോധിക്കണം. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണം. ഒരു എഡിറ്റിംഗും ആ ഓഡിയോയിൽ നടത്തിയിട്ടില്ല. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത പറ‍ഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here