കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി; നിയുക്ത മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. ഒട്ടനവധി മന്ത്രിമാര്‍ രാജിവെച്ചപ്പോള്‍ നിയുക്ത മന്ത്രിമാർ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. 43 പേരുടെ പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് കാബിനറ്റ് പദവി ലഭിക്കും. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രിയും മുൻ ശിവസേനാ നേതാവുമായ എ നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ഇദ്ദേഹത്തിന് കാബിനറ്റ് പദവി ലഭിച്ചു. അസമിലെ മുൻ മുഖ്യമന്ത്രിയായ . സർബാനന്ദ സോനോവാള്‍, മധ്യപ്രദേശിൽ നിന്ന് ഏഴാം തവണയും ലോക്സഭയിലേക്ക് എത്തിയ ഡോ വീരേന്ദ്രകുമാര്‍, കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ജനതാദൾ യു നേതാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ആർ പി സി സിങ് , ഒഡിഷയിൽ നിന്നുള്ള രാജ്യസഭാംഗവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവ്‌, എൽജെപി നേതാവും രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാർ പരസ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുകയാണ്.

രവിശങ്കർ പ്രസാദും പ്രകാശ് ജാവദേക്കറും ഹർഷ് വർധനും അടക്കം പ്രമുഖരെ പുറത്താക്കിയപ്പോൾ 11 വനിതകളെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഡി.വി.സദാനന്ദ ഗൗഡ, ഡോ. ഹര്‍ഷ് വര്‍ധന്‍, സന്തോഷ് ഗാങ്‌വാര്‍, രമേശ് പൊഖ്രിയാല്‍, ബാബുല്‍ സുപ്രിയോ, അശ്വിനികുമാര്‍ ചൗബേ, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രെ, പ്രതാപ് ചന്ദ്ര സാരംഗി, രത്തന്‍ലാല്‍ കഠാരിയ, റാവു സാഹിബ് പാട്ടീല്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞു.

സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയേക്കും. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും. 43 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 43 പേരുടെ പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് കാബിനറ്റ് പദവി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here