കൊല്‍ക്കത്ത: വിധാൻ പരിഷത്ത് രൂപവത്കരിക്കാനുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നീക്കത്തിന്നെതിരെ ബിജെപി. മമതാ ബാനര്‍ജിയെ നിയസഭയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് ബിജെപി ആരോപണം. പ്രതിപക്ഷമായ ബി.ജെ.പിയുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചാണ് സഭ പ്രമേയം പാസാക്കിയത്.
265 എം.എല്‍.എമാരില്‍ 196 പേര്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അഥവാ വിധാന്‍ പരിഷത്ത് വേണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് വിധാന്‍ പരിഷത്ത് രൂപവത്കരിക്കപ്പെടുന്ന പക്ഷം മമതയെ അവിടേക്ക് നാമനിര്‍ദേശം ചെയ്യാനാകും. അങ്ങനെയെങ്കില്‍ ഉപതിരഞ്ഞെടുപ്പ് വൈകിയാലും അത് മമതയ്ക്ക് ഭീഷണിയാകില്ല.
മമതാ സര്‍ക്കാരിലെ ധനമന്ത്രി അമിത് മിത്രയും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. നിലവില്‍ ബംഗാള്‍ നിയമസഭയിലെ ഏഴ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതാണ് ബിജെപി ആരോപണം ശക്തമാക്കുന്നത്.
69 പേര്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി. നിയമസഭ പ്രമേയം പാസാക്കിയെങ്കിലും ഗവര്‍ണറുടെ ശുപാര്‍ശയും പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അനുമതിയും വിധാന്‍ പരിഷത്ത് രൂപവത്കരണത്തിന് ആവശ്യമാണ്. രാഷ്ട്രപതിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്. വിധാന്‍ പരിഷത്ത് പുനഃസ്ഥാപിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. 1969-ല്‍ അന്നത്തെ ഇടതുസര്‍ക്കാരാണ് ഈ സംവിധാനം റദ്ദാക്കിയത്.