ഇടുക്കി: ഇടമലക്കുടിയില്‍ ഇതാദ്യമായി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുവര്‍ഷം കോവിഡിനെ പടിക്ക് പുറത്ത് നിര്‍ത്തിയ ഇടമലക്കുടിയിലാണ് കൊവിഡ് വരവറിയിച്ചത്. ഊരിലെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രണ്ടാഴ്ച്ച മുന്‍പ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വ്ളോഗര്‍ സുജിത് ഭക്തനും ഇടമലക്കുടിയിലേക്ക് നടത്തിയ യാത്രയ്ക്ക് പിന്നാലെ രോഗം സ്ഥീരീകരിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. .
ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരിക്കും ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരാനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടേയും ഉറവിടം വ്യക്തമല്ല. ഇരുപത്തിനാലുകാരന്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും നാല്‍പതുകാരി കോട്ടയം മെഡിക്കൽ കോളജിലുമാണ് ചികിത്സയിൽ കഴിയുന്നത്. ശാരീരിക അസ്വസ്ഥതകളെതുടര്‍ന്ന് ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഊരിലേക്ക് ഭക്ഷണ സാധനങ്ങൾ നൽകാൻ എത്തിയ സർക്കാർ ജീവനക്കാരിൽ നിന്നുമാകാം രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം.
പഞ്ചായത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ജില്ല ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. ഇതിനായി ജില്ല കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ആദ്യ ലോക്ക് ഡൗൺ മുതൽ സെൽഫ് ക്വറന്റൈനിലായിരിന്നു ഇടമലക്കുടി. പുറത്തുപോയി തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസം നിർബന്ധിത ക്വാറന്റീന്‍ ഉണ്ടായിരുന്നു.
പുറത്ത് നിന്നുള്ളവർക്ക് പ്രവേശനവും നിഷേധിച്ചിരുന്നു. രോഗ വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഇടമലക്കുടിയിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കാനുള്ള നീക്കത്തിലാണ് ജില്ല ഭരണകൂടം. സംസ്ഥാനത്ത് റെഗുലർ ക്ലാസ് നടക്കുന്ന ഏക പഞ്ചായത്ത് ആയിരുന്നു ഇടമലക്കുടി. എന്നാൽ കോവിഡ് സ്ഥിരീകരിച്ചത്തോടെ റെഗുലർ ക്ലാസ് അവസാനിപ്പിക്കേണ്ടി വരും.