ഭര്‍ത്താവ് വീട് പൂട്ടിപ്പോയി; സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണത്തിന് വനിതാ കമ്മിഷൻ നിര്‍ദ്ദേശം

0
683

പാലക്കാട് : ഭർത്താവു വീട് പൂട്ടി പോയതിനാല്‍ വീട്ടിന്റെ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനും സംരക്ഷണം നൽകാൻ വനിതാ കമ്മിഷൻ നിര്‍ദ്ദേശം. യുവതിയെ വിളിച്ചു വിവരങ്ങൾ ആരാഞ്ഞ കമ്മിഷൻ അംഗം ഷിജി ശിവജി ഹേമാംബിക നഗർ പൊലീസിനും വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർക്കും ഇതു സംബന്ധിച്ചു നിർദേശം നൽകി.

പത്തനംതിട്ട സ്വദേശി ശ്രുതിയും (24) കുഞ്ഞുമാണു ദിവസങ്ങളായി ധോണിയിൽ ഭർതൃവീടിന്റെ സിറ്റൗട്ടിൽ താമസിക്കുന്നത്. ഇവരുടെ ഭർത്താവ് മനു കൃഷ്ണനെതിരെ മാനസിക പീഡനത്തിനു മറ്റൊരു കേസ് കൂടി പൊലീസ് റജിസ്റ്റർ ചെയ്തു. നേരത്തെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രുതിക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ കോടതി നിർദേശവുമുണ്ട്.

ഈ മാസം ഒന്നിനാണു പത്തനംതിട്ടയിൽ നിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരമറിഞ്ഞു ഭർത്താവു വീടു പൂട്ടിപ്പോയെന്നാണു പരാതി. സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതിയും കുഞ്ഞും പിന്നീടു വീടിന്റെ സിറ്റൗട്ടിലേക്കു മാറി. വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു.

യുവതിക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന കോടതി നിർദേശം പാലിക്കുന്നുണ്ടെന്നാണ് പോലീസ് നിലപാട്. വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ പൊലീസ് ഇടപെട്ടു ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോടതി ഉത്തരവു ലഭിച്ചാ‍ൽ വീട്ടിൽ പ്രവേശിപ്പിക്കാൻ നടപടിയെടുക്കുമെന്നും പൊലീസ് പറയുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here