തിരുവനന്തപുരം: ജെഎസ്എസിന് മാത്രമേ യുഡിഎഫിനെ വരുന്ന തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ കഴിയൂവെന്നു ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ പറഞ്ഞു. യുഡിഎഫ് നിലവില്‍ ദുര്‍ബലമാണ്. യുഡിഎഫ് ഒരു വോട്ട് ബാങ്ക് എന്ന നിലയില്‍ ശക്തിപ്പെടണമെങ്കില്‍ പിന്നോക്ക വികാരം ശക്തിപ്പെടണം. അതിനു ജെഎസ്എസ് ശക്തി പ്രാപിക്കണമെന്നു താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
പിന്നോക്ക വിഭാഗത്തിന്റെ പാര്‍ട്ടിയായി ജെഎസ്എസിനെ മാറ്റിയെടുക്കുകയാണ് ലക്‌ഷ്യം. സിപിഎമ്മിന്റെ നുകത്തില്‍ നിന്നും പിന്നോക്ക വിഭാഗത്തിനെ മോചിപ്പിക്കാന്‍ ജെഎസ്എസിന് മാത്രമേ യുഡിഎഫ് ഭാഗത്ത് നിന്നും സാധിക്കുകയുള്ളൂ.
പിന്നോക്ക വിഭാഗം 32 ശതമാനം വരും. അതിനു ആനുപാതികമായി എംഎല്‍എമാരോ എംപിമാരോ പിന്നോക്ക വിഭാഗത്തിനില്ല. എന്നാല്‍ മറ്റു സമുദായത്തിന്റെ അവസ്ഥ ഇതല്ല. മുന്നോക്ക വിഭാഗത്തിന് ഇത്ര ശക്തിയില്ലെങ്കിലും മുപ്പത്തിയഞ്ചു ശതമാനത്തോളം പ്രാതിനിധ്യം ഭരണത്തിലുണ്ട്. ഇത് ചൂണ്ടിക്കാട്ടി ജെഎസ്എസ് പ്രചാരണം ശക്തമാക്കുമെന്നും യുഡിഎഫിനു അനുകൂലമായ തരംഗം കേരളത്തില്‍ സൃഷ്ടിക്കാന്‍ ഇടവരുത്തുമെന്നും താമരാക്ഷന്‍ പറഞ്ഞു.